കളമശ്ശേരിയില്‍ ബോംബ് സ്ഫോടനം; പ്രതി പൊലീസില്‍ കീഴടങ്ങി

Kerala

.യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
. 52 പേര്‍ക്ക് പരുക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരം

കൊച്ചി: കേരളത്തെ നടുക്കി കളമശ്ശേരിയില്‍ ബോംബ് സ്ഫോടനം.യഹോവ സാക്ഷികളുടെ സമ്മേളനം നടക്കവെയുണ്ടായ ബോംബ്സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേരും സ്ത്രീകളാണ്. ആദ്യത്തെ മരണം സംഭവ സ്ഥലത്തു വച്ചു തന്നെയായിരുന്നു. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് പിന്നീട് മരിച്ചത്.സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തി കൊച്ചി എളംകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ എന്ന ആള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി. ഐപിസി 302, 307, എക്സ്പ്ലോസീവ് ആക്ട് 3 എ എന്നീ വകുപ്പുകളും ചുമത്തി. ഡൊമനിക് മാര്‍ട്ടിനെ കനത്ത പോലീസ് സുരക്ഷയില്‍ കളമശ്ശേരിയില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യംചെയ്യുകയാണ്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്‍റലിജന്‍സ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ കളമശ്ശേരി എ.ആര്‍. ക്യാമ്പിലുണ്ട്.
കളമശ്ശേരിയിലെ സാമ്ര ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഇന്നലെ രാവിലെ 9.45 ഓടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി സ്ഫോടനമുണ്ടായത്.
സ്ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2000 ത്തില്‍പ്പരം പേര്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 9.30 ന് സമ്മേളനം തുടങ്ങി അഞ്ച് മിനുട്ടിനു ശേഷം കണ്ണടച്ചുള്ള പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്. മൂന്നു തവണ പൊട്ടിത്തെറിയുണ്ടായി. ടിഫിന്‍ ബോക്സില്‍ സൂക്ഷിച്ചു വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഹാളിന്‍റെ മധ്യഭാഗത്തുണ്ടായ സ്ഫോടനത്തെ തുടര്‍ന്നു വന്‍ അഗ്നിബാധയുണ്ടായി. ആളുകള്‍ ഭയന്നു പുറത്തേക്കോടുകയായിരുന്നു.
52 പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 18 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇതില്‍ 12 വയസ്സുള്ള കുട്ടിയുമുണ്ട്.തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍നിന്നുള്‍പ്പെടെയുള്ള സര്‍ജന്‍മാര്‍ എത്തിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കളമശേരി മെഡിക്കല്‍ കോളജ്, ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവര്‍ ചികിത്സയിലുള്ളത്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
ഡി.ജി.പി യടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃതം നല്‍കി. എന്‍.ഐ.എ, തീവ്രവാദവിരുദ്ധ സ്ക്വാഡ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി. സംസ്ഥാനത്ത് ജാഗ്രത പുറപ്പെടുവിച്ചു.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് ഉച്ചയോടെയാണ് സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തി കൊച്ചി എളംകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ എന്ന ആള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കീഴടങ്ങുന്നതിനു മുമ്പ് ഡൊമിനിക് മാര്‍ട്ടിന്‍ ഫെയ്സ്ബുക് ലൈവിലും എത്തിയിരുന്നു.സ്ഫോടനം നടത്തിയത് യഹോവയുടെ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവയുടെ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവയുടെ സാക്ഷികളുടെ പല നിലപാടുകളോടും സമീപനങ്ങളോടുമുളള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാന്‍ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്.
എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ മാര്‍ട്ടിനെ ചോദ്യം ചെയ്തുവരികയാണ്. നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെത്തി.
രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് സ്ഫോടനം നടത്താന്‍ പഠിച്ചതെന്ന് മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്നു സ്ഥിരീകരിച്ചത്. വെളിപ്പെടുത്തല്‍ ശരിയാണെന്നു പൊലീസിന്‍റെ അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഇയാള്‍ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *