കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ ധാരണ

Top News

.60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് നിര്‍മ്മിക്കുക

കൊച്ചി:ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ് ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണ. കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കും.
നിയമ മന്ത്രി പി.രാജീവ്, റവന്യൂ മന്ത്രി കെ.രാജന്‍, ഹൈക്കോടതി ജഡ്ജിമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിനു പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്താനാണ് തീരുമാനം. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന്‍ സെന്‍റര്‍ തുടങ്ങി രാജ്യാന്തര തലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീര്‍ഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന.ജഡ്ജിമാരുടെ ഓഫിസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫിസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിങ് സൗകര്യം എന്നിവ കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്

Leave a Reply

Your email address will not be published. Required fields are marked *