കല്‍പ്പറ്റ: നഗരത്തിന്‍റെ മാറ്റത്തിനനുസരിച്ച് ടൗണ്‍ഹാളും മാറ്റി പണിയുന്നു. ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളായാണ് ടൗണ്‍ഹാള്‍ പുതുക്കി പണിയാന്‍ മുനിസിപ്പല്‍ ഭരണസമിതി ഒരുങ്ങുന്നത്.
ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ കുറഞ്ഞ ചെലവില്‍ ചെറുതും വലുതുമായ പൊതുപരിപാടികളും വിവാഹങ്ങളും മറ്റ് ചടങ്ങുകളും ഇതോടെ നടത്താനാവും.
കല്‍പ്പറ്റയിലെ മാര്‍ക്കറ്റ് റോഡില്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലവിലുള്ള കെട്ടിടം പൂര്‍ണമായും പൊളിച്ച് മാറ്റിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഹാള്‍ പണിയുന്നത്. നഗര ഹൃദയഭാഗത്തെ അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനായി ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചര്‍ച്ച നടന്ന് വരികയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഡിപിആര്‍ തയാറാക്കാനുള്ള ചുമതല സൊസൈറ്റിയെ ഏല്‍പിച്ചിരിക്കയാണ്. മുനിസിപ്പാലിറ്റിയുടെ പ്ലാന്‍ ഫണ്ടും കൂടാതെ വായ്പയും എടുത്ത് നിര്‍മാണത്തിനുള്ള തുക കണ്ടെത്താന്‍ മുനിസിപ്പല്‍ ഭരണ സമിതി തീരുമാനിച്ചിരിക്കയാണ്.
നാല് പതിറ്റാണ്ട് മുമ്പ് പണിത നിലവിലുള്ള ടൗണ്‍ഹാള്‍ ഇതോടെ ഓര്‍മ്മയാവും. നിലവിലുള്ള ടൗണ്‍ഹാള്‍ ജീര്‍ണാവസ്ഥയിലാണ്. പൊതു പരിപാടികള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ അടഞ്ഞ് കിടക്കുകയാണ്. നഗരത്തില്‍ വെളിച്ചവും പൂചെടികളും ശുചീകരണവും ഒപ്പം റോഡ് വിശാലമാക്കിയുള്ള വികസനം കൂടി നടപ്പാക്കുമ്പോള്‍ അതിനനുസരിച്ച് ടൗണ്‍ഹാള്‍ കൂടി നവീകരിക്കണമെന്ന തീരുമാനമാണ് ഇതോടെ പൂര്‍ത്തിയാവുന്നത്.
400 പേര്‍ക്ക് ഇരിക്കാനുള്ള ഓഡിറ്റോറിയം, വിശാലമായ സ്റ്റേജ്, 200 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം തുടങ്ങിയവ ഒന്നാം നിലയില്‍ സജ്ജീകരിക്കും.
ഭക്ഷണം പാകം ചെയ്യാനും വിതരണത്തിനും പ്രത്യേക സൗകര്യമുണ്ടാവും. കൂടാതെ ചടങ്ങുകള്‍ കാണാനായി ബാല്‍ക്കണിയില്‍ 150 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാവും. അതിഥികള്‍ക്ക് വിശ്രമിക്കാനായുള്ള മുറികളും 30 പേര്‍ക്ക് വീതം ഇരിക്കാനുള്ള രണ്ട് പ്രത്യേക കോണ്‍ഫറന്‍സ് ഹാളും(ബോര്‍ഡ് ഹാള്‍) ഉണ്ടാവും.