മയ്യില്‍:നാറാത്ത് – പാപ്പിനിശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യത്തിലേക്ക്. റോഡിന്‍റെയും പാലത്തിന്‍റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും അലൈന്‍മെന്‍റ് അംഗീകരിക്കുന്നതിന്‍റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു.
വളപട്ടണം പുഴയുടെ ഇരുകരകളിലെ രണ്ടുദേശങ്ങളെ ബന്ധിപ്പിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് കല്ലൂരിക്കടവ് പാലത്തിലൂടെ നടപ്പാകുന്നത്. ഇതുവഴി പുതിയതെരുവിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും പരിഹരിക്കപ്പെടും. കല്ലൂരിക്കടവ് പാലം, അപ്രോച്ച് റോഡ് എന്നിവ നേരത്തെ പാസായതാണെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കെ വി സുമേഷ് എംഎല്‍എ ഇടപെട്ടാണ് പദ്ധതിക്ക് വീണ്ടും ജീവന്‍നല്‍കിയത്.
എംഎല്‍എ സമര്‍പ്പിച്ച സബ്മിഷന് മറുപടിയായി വകുപ്പ് മന്ത്രി പാലം യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പുംനല്‍കി. ഇതേത്തുടര്‍ന്നാണ് സാങ്കേതിക നടപടികള്‍ ആരംഭിച്ചത്.
കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി.പുരുഷോത്തമന്‍, കെആര്‍എഫ്ബി പിഎംയു കണ്ണൂര്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.വി. മനോജ്കുമാര്‍, എഇ പി ആര്‍.രാകേഷ്, കിഫ്ബി അസി. പ്രോജക്ട് മാനേജര്‍ പി ശ്രീരാജ്, കെ. വി.സുമേഷ് എംഎല്‍എ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രമേശന്‍, പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി.സുശീല, പി.രാജന്‍, കെ.ശോഭന എന്നിവരാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.