കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി

Kerala

. ഉത്തരവിറക്കിയത് സാംസ്കാരികവകുപ്പ്

തിരുവനന്തപുരം: കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കി സാംസ്കാരികവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയുടെ റൂള്‍സ് ആന്‍റ് റെഗുലേഷന്‍ പ്രകാരം ചാന്‍സലറെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്കാരികവകുപ്പ് ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കി ഉത്തരവ് ഇറക്കിയത് .2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഗവര്‍ണര്‍പദവിയില്‍ തുടരുന്ന വ്യക്തിയായിരിക്കും കലാമണ്ഡലം സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ എന്ന വ്യവസ്ഥ ഉള്‍ച്ചേര്‍ത്തത് . ഇതില്‍ ഭേദഗതി വരുത്തിയാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കംചെയ്തത്. കലാ സാംസ്കാരിക മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രഗത്ഭരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റി അക്കാദമിക്ക് രംഗത്തെഅതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ബുധനാഴ്ച മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയുണ്ടായി. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ഇതിന്‍റെ തുടര്‍നടപടിയെന്നപോലെയാണ് കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ ചൊല്ലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും സര്‍ക്കാരും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.ഇതിനെ തുടര്‍ന്ന് വിസിമാര്‍ ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ, എന്തായിരിക്കും ഗവര്‍ണറുടെ തുടര്‍നീക്കം എന്നുള്ള ആകാംക്ഷയിലാണ് ഉന്നത വിദ്യാഭ്യാസ മേഖല.

Leave a Reply

Your email address will not be published. Required fields are marked *