കര്‍ഷക സമരം തുടരുന്നു; പ്രധാന ഡല്‍ഹി
അതിര്‍ത്തികള്‍ അടഞ്ഞു തന്നെ

India Kerala

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം തുടരുന്നു. ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന പ്രധാന പാതകളെല്ലാം കര്‍ഷകരുടെ നിയന്ത്രണത്തിലാണ്. സിംഘു, തിക്രി അതിര്‍ത്തികളിലൂടെ കര്‍ഷകര്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. അതേസമയം ഗാസിയാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ തിരിച്ച് വരാനുള്ള എലവേറ്റഡ് ഹൈവേ അടഞ്ഞു തന്നെ കിടക്കുകയാണ്.
2020 നവംബറില്‍ ആരംഭിച്ച സമരം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിംഘു, തിക്രി, ഗാസിയാബാദ് എന്നീ അതിര്‍ത്തി പ്രദേശങ്ങളാണ് പ്രധാന സമര കേന്ദ്രങ്ങള്‍. ഇതോടെ ഡല്‍ഹിയിലേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു.
എന്നാല്‍ ആനന്ദ് വിഹാര്‍, ഡിഎന്‍ഡി, ലോണി ഡിഎന്‍ഡി, അപ്സര അതിര്‍ത്തികള്‍ യാത്രയ്ക്കായി ഉപയോഗിക്കാന്‍ ദില്ലി ട്രാഫിക് പോലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു. ഡല്‍ഹി നോയിഡ ചില്ല അതിര്‍ത്തിയിലെ രണ്ട് വഴികളും യാത്രാമാര്‍ഗ്ഗത്തിനായി തുറന്നിരിക്കുന്നു. പിയാവു മാനിയാരി, സബോലി, മംഗേഷ് അതിര്‍ത്തികള്‍ വെള്ളിയാഴ്ച അടച്ചിട്ടിരിക്കുകയായിരുന്നു.
ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നവര്‍ക്ക് ലാംപൂര്‍ സഫിയാബാദ്, പല്ല, സിംഘു സ്കൂള്‍ ടോള്‍ ടാക്സ് ബോര്‍ഡറുകളിലൂടെയോ ഗുരുഗ്രാം, ഫരീദാബാദ് വഴി പോകുന്ന മറ്റ് റൂട്ടുകളിലൂടെയോ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ട്രാഫിക് പോലീസ് നിര്‍ദ്ദേശിച്ചു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുപോകുകയാണ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ കര്‍ണാടകയിലെ കര്‍ഷകരുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് കൂടിക്കാഴ്ച നടത്തി. ദില്ലി അതിര്‍ത്തിയിലേത് സമാനമായ കര്‍ഷക സമരങ്ങള്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *