കര്‍ഷക വിഷയത്തില്‍ പ്രതിപക്ഷ ബഹളം; ലോക്സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു

Kerala

ന്യൂഡല്‍ഹി:പാര്‍ലിമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു.കര്‍ഷക പ്രശ്നം ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് ഇരു സഭകളും ഒരു മണിക്കൂറോളം നിര്‍ത്തിവെച്ചത്. പാര്‍ലിമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം കര്‍ഷകര്‍ക്കായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.ലോക്സഭ സഭ സമ്മേളനിച്ച ഉടന്‍ തന്നെ പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ഇതിന് ശേഷം സ്പീക്കര്‍ സഭാ നടപടികളിലേക്ക് കടന്നതോടെയാണ് ബഹളം തുടങ്ങിയത്.
കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ത്രിപുരയിലെ ബി ജെ പി അക്രമങ്ങളിലും തിരഞ്ഞെടുപ്പ് അട്ടിമറിയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി എം അംഗം എളമരം കരീം രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ സഭാ സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഏത് വിഷയത്തിലും ചര്‍ച്ചക്ക് തയ്യാറാണെന്നും എല്ലാത്തിനും ഉത്തരമുണ്ടെന്നും സഭ ചേരുന്നതിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുപ്രധാനമായ സമ്മേളനമാണ് നടക്കുന്നതെന്നും പ്രതിപക്ഷം സഭാ സമ്മേളനത്തോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *