ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തില്‍ നീതി ലഭിക്കുകയെന്നത് സാധാരണക്കാരന്റെ അവകാശമാണ്. ലഖിംപുര്‍ ഖേരിയില്‍ സന്ദര്‍ശിച്ച കുടുംബങ്ങളെല്ലാം ആവശ്യപ്പെട്ടത് നീതി ലഭിക്കണമെന്നു മാത്രമാണ്.
സംഭവത്തില്‍ പ്രതിയായ ആളുടെ അച്ഛന് മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിഷ്പക്ഷമായ അന്വേഷണം സാധ്യമല്ല. ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപുരിലേ സായുധ സേനയുടെ അതിഥിമന്ദിരത്തില്‍ ഒരു ദിവസത്തിനു മുകളിലായി തടഞ്ഞു വെച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെയും സന്ദര്‍ശനത്തെ തുടര്‍ന്ന് വിട്ടയയ്ക്കപ്പെട്ട പ്രിയങ്കകോണ്ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇന്നലെ, അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
കര്‍ഷകനായ ലവ്പ്രീത് സിംഗ്(19), പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായിരുന്ന രമണ്‍ കശ്യപ് എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ആവശ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തു.
ലഖിംപുര്‍ ഖേരി സന്ദര്‍ശനത്തില്‍ പ്രിയങ്കയ്ക്കും രാഹുലിനും പുറമേ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗല്, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
