കര്‍ഷകസമരത്തിനു പിന്തുണയുമായി കൂടുതല്‍ ഖാപ് പഞ്ചായത്തുകള്‍

India

ന്യൂഡല്‍ഹി: കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ മടങ്ങല്‍ ഇല്ലെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. സമരത്തിനു പിന്തുണയുമായി കൂടുതല്‍ ഖാപ് പഞ്ചായത്തുകള്‍ രംഗത്തെത്തുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പിന്തുണയ്ക്കുന്നവര്‍ സമരസ്ഥലത്തേക്ക് എത്താനും ആഹ്വാനം ചെയ്തു. അതേസമയം, കര്‍ഷകസമരം ചില സ്ഥലങ്ങളിലേക്കു മാത്രമായി ചുരുങ്ങിയെന്നു പറഞ്ഞ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പ്രശ്നം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും അവകാശപ്പെട്ടു. ഡല്‍ഹി ഹരിയാന അതിര്‍ത്തി പ്രദേശത്തായി സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുന്നതിനിടെയാണ് നിയമം പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നു ടികായത് അറിയിച്ചത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുക മാത്രമല്ല, മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനായി പുതിയ നിയമം രൂപീകരിക്കുകയും വേണം. സമരസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയ കര്‍ഷകരെ മോചിപ്പിക്കണം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടു പോകില്ല. സമരത്തെ പിന്തുണച്ച് ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിരവധി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പിന്തുണ നല്‍കുന്നവര്‍ സമര സ്ഥലത്തേക്ക് എത്തണമെന്നും ആഹ്വാനം ചെയ്തു. ജനുവരി 26നു നടത്തിയ ട്രാക്ടര്‍ റാലി വലിയ ഒരു വിപ്ലവമാണെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഒക്ടോബര്‍ രണ്ടുവരെ സര്‍ക്കാരിനു സമയം നല്‍കും. അതുകഴിഞ്ഞ് രാജ്യവ്യാപകമായ രീതിയില്‍ കടുത്ത പ്രക്ഷോഭത്തിനു തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകസമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച തുടങ്ങിയ പ്രധാന റോഡുകള്‍ ഉപരോധിക്കല്‍ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെയും തുടര്‍ന്നു. പ്രക്ഷോഭം നേരിടുന്നതിനായി സ്ഥലത്ത് കേന്ദ്രസേന അടക്കം കൂടുതല്‍ പോലീസ് സന്നാഹത്തെയും നിയോഗിച്ചിരുന്നു. ജനുവരി 26ലെ റാലിക്കായി നിശ്ചയിച്ചിരുന്ന റൂട്ടുകള്‍ തെറ്റിച്ച് ട്രാക്ടറുകള്‍ സഞ്ചരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ രണ്ടു നേതാക്കളെ സംയുക്ത കിസാന്‍ മോര്‍ച്ച സസ്പെന്‍ഡ് ചെയ്തു.ആസാദ് കിസാന്‍ കമ്മിറ്റി (ഡോബ) പ്രസിഡന്‍റ് ഹര്‍പാല്‍ സംഘ, ഭാരതീയ കിസാന്‍ യൂണിയന്‍ (ക്രാന്തികാരി) സുര്‍ജിത് സിംഗ് ഫുല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തക്കുറിച്ച് അന്വേഷിച്ച മൂന്നംഗ ആഭ്യന്തര സമിതിയുടെ നിര്‍ദേശ പ്രകാരമാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷനിലാണെങ്കിലും നിയമം പിന്‍വലിക്കുന്നതു വരെയുള്ള സമരത്തില്‍ മുന്നിലുണ്ടാകുമെന്ന് ഹര്‍പാല്‍ സംഘ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *