കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ല

India Kerala

ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ കേന്ദ്രസര്‍ക്കാരിനെ സമാധാനത്തോടെ ഇരിക്കാന്‍ അനുവദിക്കില്ലെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകസമരത്തിനു പിന്തുണ തേടി സമരത്തിന് നേതൃത്വം നല്‍കുന്ന നാല്‍പത് കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ രാജ്യവ്യാപകമായി സഞ്ചരിക്കുമെന്നും ടികായത് പറഞ്ഞു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ എന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ മാത്രമല്ല, ചെറുകിട കച്ചവടക്കാരെയും ദിവസവേതനക്കാരെയും മറ്റ് സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കും. നേതാക്കള്‍ക്കും സമരവേദിക്കും ഒരു മാറ്റവും വന്നിട്ടില്ല. സംയുക്ത സമരസമിതി എന്ത് തീരുമാനം എടുത്താലും മറ്റെല്ലാ സംഘടനകളും ഒറ്റക്കെട്ടായി പിന്തുണയ്ക്കും.സംയുക്ത സമരസമിതി അംഗങ്ങളായ ഡോ. ദര്‍ശന്‍ പാല്‍, ബല്‍ബീര്‍ സിംഗ് രാജേവാള്‍, യുദ്ധ്വീര്‍ സിംഗ്, ഗുര്‍ണാം സിംഗ് ചരൂണി എന്നിവരും കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിച്ചു. ഫെബ്രുവരി പതിനെട്ടിന് നടക്കുന്ന റെയില്‍ തടയല്‍ സമരത്തിന് വ്യാപക പിന്തുണ നല്‍കണമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *