ന്യൂഡല്‍ഹി: മതപരമായ ആചാരമല്ലാത്തതിനാല്‍ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിക വിശ്വാസത്തില്‍ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധിത നടപടിയല്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പി നവദ്ഗി സുപ്രീം കോടതിയില്‍ വാദിച്ചു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതിയില്‍ വാദം തുടരുകയാണ്.
സ്കൂള്‍ അധികൃതര്‍ അച്ചടക്കം നടപ്പാക്കാന്‍ ശ്രമിക്കുമ്ബോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു. പൊതുസമൂഹത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ വരുത്താതെ സര്‍ക്കാരിന് ഭരിക്കാന്‍ കഴിയുമോ എന്ന് നവദ്ഗി വാദിച്ചു. എന്നാല്‍, ആരെങ്കിലും തല മറച്ചാല്‍ അതെങ്ങനെയാണ് അച്ചടക്ക ലംഘനമാകുന്നത് എന്നായിരുന്നു സുപ്രിംകോടതിയുടെ മറുചോദ്യം.
യൂണിഫോം എന്തെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരനും സംസ്ഥാനവും തമ്മിലുള്ളതല്ല, സ്കൂള്‍ അഡ്മിനിസ്ട്രേഷനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള കേസാണിത്.