ബംഗളൂരു: ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനാവശ്യഭീതി പരത്തുകയാണെന്ന് കര്‍ണാടക പി.സി.സി പ്രസിഡന്‍റ് ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. സംസ്ഥാനത്തെ കമ്ബനികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് മോശമായി ബാധിക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വലിയതോതിലുള്ള നിയന്ത്രണങ്ങളാണ് കര്‍ണാടകത്തിലുള്ളത്. ഒന്നും രണ്ടും ഘട്ട കോവിഡ് വ്യാപനത്തിന് ശേഷം സാമ്പത്തിക രംഗത്ത് ഉണര്‍വ് പ്രകടമാകുന്നതിനിടെ പുതിയ നിയന്ത്രണങ്ങള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യാത്രക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വേണം.
കോവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ശിവകുമാര്‍ ആരോപിച്ചു. അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.