ന്യൂഡല്‍ഹി : കര്‍ഷകരുടെ ഡല്‍ഹിചലോ മാര്‍ച്ചിനിടെ ഹരിയാന അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാല്‍നടയായി എത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകള്‍ പിടിച്ചെടുത്തു. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡ് പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞു.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ജിന്തില്‍ കര്‍ഷകരും ഹരിയാന പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഷകസമരത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പൊലീസുമായുളള സംഘര്‍ഷത്തിന്‍റെ സാഹചര്യത്തിലും കൂടുതല്‍ കര്‍ഷകര്‍ പ്രദേശത്തേക്ക് എത്തുകയാണ്. അതിര്‍ത്തിയിലേക്ക് മാര്‍ച്ചിന് കൂടുതല്‍ ട്രാക്ടറുകള്‍ കര്‍ഷകര്‍ തയ്യാറാക്കി. കേന്ദ്രമന്ത്രിമാരുമായി സംഘടനകള്‍ നടത്തിയ അഞ്ചു മണിക്കൂര്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ സമരവുമായി മുന്നോട്ടുപോകാന്‍ ഇന്നലെ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താതെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കര്‍ഷക സംഘടനകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു.
അന്‍പത് കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തുന്ന മാര്‍ച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നാണ് ഇന്നലെ രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബില്‍ മാത്രം 1700 ട്രാക്ടറുകളാണ് മാര്‍ച്ചിനായി എത്തിച്ചത്. അതിര്‍ത്തി ജില്ലകളിലെല്ലാം ഹരിയാന ഇന്‍റര്‍നെറ്റ് റദ്ദാക്കി. സമരത്തില്‍ പങ്കെടുക്കുന്ന ഹരിയാനയിലെ കര്‍ഷകരുടെ പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും ട്രാക്ടര്‍ പിടിച്ചെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. അതിര്‍ത്തിയില്‍ തടയുന്ന സ്ഥലങ്ങളില്‍ ഇരിക്കാനും അടുത്ത ഘട്ടത്തില്‍ ഡല്‍ഹിയിലേക്ക് കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം.
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ റായി എന്നിവരുമായാണ് കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മുമ്പത്തെ സമരകാലത്തെ കേസുകള്‍ റദ്ദാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. എന്നാല്‍ താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കുന്ന നിയമം ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇനി പാസ്സാകില്ല എന്നാണ് മന്ത്രിമാര്‍ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തില്‍ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ നല്‍കണം എന്ന ആവശ്യവും സംഘടനകള്‍ ശക്തമാക്കുകയാണ്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തേ കര്‍ഷകരുടെ ആവശ്യങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിയൂ എന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട വ്യക്തമാക്കി. സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ഡല്‍ഹിസര്‍ക്കാര്‍ കര്‍ഷകര്‍ അതിര്‍ത്തി കടന്നെത്തിയാല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.