ന്യൂഡല്‍ഹി: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് (ഉദ്ധവ് പക്ഷം) സഞ്ജയ് റാവുത്ത്.റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും എന്നാല്‍ കര്‍ണാട-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിന് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് മോദിക്കെതിരെ സഞ്ജയ് റാവുത്ത് ആഞ്ഞടിച്ചത്.
സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കര്‍ണാടകയുടെ ഭാഗമായ ബെളഗാവിലേയും സമീപ പ്രദേശങ്ങളിലെയും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ നീണ്ട പോരാട്ടത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു. 70വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന് പാര്‍ലമെന്‍റിനും പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നേരത്തെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും മഹാരാഷ്ട്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. 1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കമുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്.