ബംഗ്ലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയപുരയില്‍ കൂറ്റന്‍ റോഡ്ഷോയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകത്തിലെത്തിയത്. ബാഗല്‍കോട്ട് ജില്ലയിലെ കൂടലസംഗമയില്‍ ബസവേശ്വരജയന്തി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരന്‍ സമാധിയടഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കൂടലസംഗമ. സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുല്‍ പറഞ്ഞു. സത്യം പറഞ്ഞതിന്‍റെ പേരിലാണ് ചിലര്‍ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ബസവജയന്തി ആഘോഷങ്ങളില്‍ രാഹുലിനൊപ്പം ഗഡഗ്, ബില്‍ഗി എന്നിവിടങ്ങളിലെ ലിംഗായത്ത് മഠാധിപതികള്‍ പങ്കെടുത്തു. കൂടലസംഗമയിലെ ബസവേശ്വരക്ഷേത്രത്തിലും രാഹുല്‍ ദര്‍ശനം നടത്തി. ബിജാപൂരില്‍ വന്‍ ജനാവലിയുടെ അകമ്പടിയോടെ രാഹുല്‍ റോഡ് ഷോയിലും പങ്കെടുത്തു.
രാഹുലിന് അഭിവാദ്യം അര്‍പ്പിക്കാനായി തെരുവുകളിലും കെട്ടിടങ്ങളിലും ആയിരങ്ങള്‍ തടിച്ചുകൂടി. അവരില്‍ പലരും രാഹുല്‍, രാഹുല്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ലിംഗായത്ത് വോട്ട് പരമാവധി നേടിയെടുക്കാനുള്ള ശ്രമം തുടരുകയാണ് കോണ്‍ഗ്രസ്.