ന്യൂഡല്‍ഹി : കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡി. കെ ശിവകുമാര്‍. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടു മണിക്കൂര്‍ ഡി.കെ. ശിവകുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ ഡല്‍ഹിയില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദിപ് സിംഗ് സുര്‍ജെവാലയുടെ വസതിയിലെത്തി ഡി.കെ.ശിവകുമാര്‍ ചര്‍ച്ച നടത്തി. ഇതിനു പിന്നാലെ സുര്‍ജെവാല കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി. കോണ്‍ഗ്രസ് നേതാവ് എം.ബി.പാട്ടീലും ഖാര്‍ഗെയുടെ വസതിയിലെത്തി.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി.കെ.ശിവകുമാര്‍ വഴങ്ങുന്നില്ല. ആദ്യ ടേമില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനും പിന്നീടുള്ള മൂന്നുവര്‍ഷം ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാം എന്ന ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം 3.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടത്താന്‍ ഒരുക്കം തുടങ്ങിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിപദം വീതംവയ്ക്കുന്നത് ശിവകുമാര്‍ എതിര്‍ത്തു. മൂന്ന് ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ ആകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനത്തിന് 72 മണിക്കൂര്‍ വരെ സമയമെടുക്കും എന്നാണ് ഇന്നലെ വൈകിട്ട് എഐസിസി ജനറല്‍സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞത്