കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Top News

ബെംഗളൂരു: ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.സര്‍ക്കാറിന് എതിരെ കരാറുകാര്‍ ഉയര്‍ത്തിയ 40% കമ്മീഷന്‍ ആരോപണവും കോണ്‍ഗ്രസ് ആളിക്കത്തിച്ചു. ക്ഷീര കര്‍ഷകരുടെയും കരിമ്പ് കര്‍ഷകരുടെയും ദുരിതങ്ങളും പ്രചാരണത്തില്‍ പ്രധാന ചര്‍ച്ചയായി. ഭരണവിരുദ്ധ വികാരത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം. അതേസമയം ബസവരാജ ബൊമൈ സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി പ്രതിരോധിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണങ്ങളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ബജ്രംഗ്ദള്‍ നിരോധന പ്രഖ്യാപനവും തുണയാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിന്‍റെ അഞ്ച് ജനപ്രിയ വാഗ്ദാനങ്ങളും രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണവുമാണ് ബിജെപിക്ക് മറ്റൊരു വെല്ലുവിളി. ലിംഗായത്ത് വിഭാഗത്തിലെ ബി.ജെ.പി നേതാക്കളായ ജഗദീഷ് ഷെട്ടര്‍, ലക്ഷ്മണ്‍ സാവദി എന്നിവര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
വീരശൈവ ലിംഗായത്ത് ഫോറം കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിര്‍ണായക നീക്കങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കന്നട മണ്ണ് സാക്ഷ്യം വഹിച്ചു. ത്രികോണ മത്സരത്തിന് വഴിയൊരുക്കിയ ജെഡിഎസ് കിംഗ് മേക്കര്‍ ആയി മാറുമോ എന്നറിയാന്‍ 13 വരെ കാത്തിരിക്കേണ്ടിവരും. കര്‍ഷകരിലും മുസ്ലിം വോട്ടുകളിലുമാണ് ജെ.ഡി.എസ് പ്രതീക്ഷ. പ്രചാരണത്തിന്‍റെ അവസാന മണിക്കൂറില്‍ മോദിയും പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോകളിലെ ജനപങ്കാളിത്തം ഇരു വിഭാഗത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ ആയി വിലയിരുത്തപ്പെടുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *