ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനമായത്.
ബി. ജെ. പി സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.കഴിഞ്ഞ വര്‍ഷം മേയിലാണ് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കി തുടങ്ങിയത്.നിര്‍ബന്ധിച്ച് മതം മാറ്റിക്കുന്നവര്‍ക്ക് മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു മതപരിവര്‍ത്തന നിരോധന നിയമം. 2021 ഡിസംബറില്‍ തന്നെ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്‍റെ അംഗീകാരം നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. കൗണ്‍സിലില്‍ ബി.ജെ. പി ഭൂരിപക്ഷം നേടിയതോടെ വീണ്ടും പാസാക്കിയതിന് ശേഷമാണ് ഗവര്‍ണര്‍ക്ക് അയച്ചത്.
സ്കൂളുകളിലെ ചരിത്ര സിലബസിലെ മാറ്റവും കാര്‍ഷിക വിപണിനിയമവും മന്ത്രിസഭാ യോഗം റദ്ദാക്കിയിട്ടുണ്ട്.വി.ഡി.സവര്‍ക്കറെയും കെ.ബി. ഹെഡ്ഗേവാറിനെയും കുറിച്ചുള്ള അധ്യായങ്ങള്‍ സ്കൂളിലെ ചരിത്രപാഠ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചെന്ന് നിയമ പാര്‍ലമെന്‍ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. അതോടൊപ്പം ബി ജെ പി സര്‍ക്കാര്‍ സ്കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും തിരുത്തുകയും ചെയ്തിട്ടുണ്ട്.