കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്

Kerala

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്ക് മെയ് 10 ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഒറ്റഘട്ടമായായാണ് വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണല്‍.എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍തന്നെ വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കും.
50,282 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്.ഏപ്രില്‍ 13 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഏപ്രില്‍ 20. നാമനിര്‍ദേപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24.
കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്‍റെ പേരിലാണ് രാഹുല്‍ഗാന്ധി ലോക്സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത്. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം കൂടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന വിലയിരുത്തലുമുണ്ട്. അതേസമയം രാഹുല്‍ഗാന്ധി എംപിയായിരുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അപ്പീല്‍ നല്‍കാന്‍ രാഹുല്‍ഗാന്ധിക്ക് സമയം അനുവദിച്ചിട്ടുണ്ടല്ലോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പരീക്ഷണങ്ങളുടെ വേദിയായ കര്‍ണാടകയില്‍ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. അഴിമതിയും ജാതി സംവരണവുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍. ഭരണകക്ഷിയായ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ കര്‍ണ്ണാടകയില്‍ ഭരണതുടര്‍ച്ച അനിവാര്യമാണ്. അതേസമയം അധികാരത്തില്‍ തിരിച്ചെത്തുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.കോണ്‍ഗ്രസും ജെഡിഎസും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്.
224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുള്ളത്. 2018 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചില്ല. 104 സീറ്റ് ലഭിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജിവച്ചു. തുടര്‍ന്നു കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം സര്‍ക്കാറുണ്ടാക്കി.എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് 14 മാസത്തിനു ശേഷം എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ചു. ബിജെപി വീണ്ടും അധികാരത്തില്‍. 2021ല്‍ പാര്‍ട്ടിയിലെ ഭിന്നതകാരണം യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കി. ബസവരാജ ബൊമ്മയെ മുഖ്യമന്ത്രിയാക്കി. നിലവില്‍ ബിജെപിക്ക് 121 എംഎല്‍എമാരുണ്ട്.കോണ്‍ഗ്രസിന് 69. ജെഡിഎസിന് 32. ഒരു സ്വതന്ത്രന്‍.ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *