ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്ലി.നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുറഞ്ഞത് 130 സീറ്റുകള്‍ നേടുമെന്നും ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം പൂര്‍ണമായും അടയുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന് അനുകൂലമായാണ് മാറ്റത്തിന്‍റെ കാറ്റ് വീശുന്നത്. ബി.ജെ.പി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി നേതാക്കള്‍ തമ്മിലും അണികള്‍ തമ്മിലും ഐക്യമില്ല. പലരും സീറ്റ് നിഷേധിക്കപ്പെട്ടതോടെ രാജിവെച്ച് കോണ്‍ഗ്രസിലേക്കോ മറ്റ് പാര്‍ട്ടികളിലേക്കോ അഭയം പ്രാപിക്കുകയാണ്.’ – വീരപ്പ മൊയ്ലി പറഞ്ഞു.
കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കുന്നതില്‍ കര്‍ണാടകക്ക് നിര്‍ണായക പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയം 2024 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും വീരപ്പ മൊയ്ലി ആരോപിച്ചു. മെയ് 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് ഫലപ്രഖ്യാപനം.