മംഗളൂരു: കര്‍ണാടക ദാവണ്‍ഗരെ പൊലീസ് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. 7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കാര്‍, ലാപ്ടോപ്പ്, കളര്‍ പ്രിന്‍ററുകള്‍, കടലാസ് മുറിക്കുന്ന ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂര്‍ ഹുബ്ബള്ളി മങ്കനഹള്ളിയിലെ മനോജ് ഗൗഡ (21), കല്ലഹള്ളിയിലെ കെ. സന്ദീപ് കുമാര്‍ (30), കല്‍കെരെയിലെ കൃഷ്ണ നായ്ക് (28), കുക്കവാഡയിലെ തലവര കുബേരപ്പ (58), ലിംഗപുരയിലെ എച്ച്. ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.500 രൂപ, 200 രൂപ വ്യാജ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ദാവണ്‍ഗരെ ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു. 20 ലക്ഷത്തിന്‍റെ കള്ളനോട്ടുകള്‍ പ്രതികള്‍ വിതരണം ചെയ്തതായാണ് സൂചന. എം.ബി.എ യോഗ്യതയുള്ള രുദ്രേഷാണ് കള്ളനോട്ടടിയുടെ സൂത്രധാരന്‍ എന്ന് എസ്.പി വെളിപ്പെടുത്തി. മൈസൂറു ജില്ലയിലെ കൂര്‍ഗള്ളി മെഗലകൊപ്പളുവില്‍ വാടകവീടെടുത്താണ് നോട്ടടിയും വിതരണവും നടത്തിവന്നത്.