ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന എം.കരുണാനിധിക്ക് 39 കോടി രൂപ ചെലവിട്ട് മറീനയിലെ കാമരാജര്‍ സാലൈയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. 2018 ആഗസ്റ്റ് ഏഴിന് അന്തരിച്ച കരുണാനിധിയെ സംസ്കരിച്ചത് മറീന ബീച്ചിലാണ്. ഇവിടെ 2.21 ഏക്കര്‍ സ്ഥലത്തായിരിക്കും സ്മാരകം ഉയരുക. സര്‍ക്കാരിന്‍റെ തീരുമാനം പ്രതിപക്ഷപാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ സ്വാഗതം ചെയ്തു.
ആധുനിക തമിഴ്നാടിന്‍റെ ശില്പിയാണ് കരുണാനിധിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. സാമൂഹികക്ഷേമം, വിദ്യാഭ്യാസം, സാഹിത്യം, ഗതാഗതം, നഗരവത്കരണം, അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങി തമിഴ്നാടിന്‍റെ സമഗ്രമാറ്റത്തിലും കരുണാനിധിയുടെ കൈയൊപ്പുണ്ട്. കരുണാനിധിയുടെ സമ്പൂര്‍ണജീവിതചരിത്രം സ്മാരകത്തിലുണ്ടാകും. ഇന്ന് കാണുന്ന തമിഴ്നാട് കലൈഞ്ജര്‍ നിര്‍മ്മിച്ചതാണ്. അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു ഈ നഗരം.
സ്വപ്നസമാനമായ സംസ്ഥാനം നിര്‍മ്മിച്ച ആളാണ് കരുണാനിധിയെന്നും സ്റ്റാലിന്‍ പറഞ്ഞു.