ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്ക് സുരക്ഷിത മേഖല (റിസ) നിര്‍മ്മിക്കുന്നതില്‍ കേരളം ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ റണ്‍വേയുടെ നീളം കുറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത് ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. റണ്‍വെ സ്ട്രിപ്പിന്റെ അവസാന ഭാഗത്ത് സുരക്ഷിത മേഖല നിര്‍മിക്കാന്‍ ആണ് റണ്‍വേയുടെ നിളം കുറയ്ക്കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. എം. പി.അബ്ദുസമദ് സമദാനി എം.പിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വിമാനത്താവളത്തിലെ പ്രശ്നം പരിഹരിച്ചതാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. റണ്‍വെ വെട്ടിക്കുറക്കാതെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നിര്‍മ്മിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഒരു മാസം മുന്‍പ് എഴുതിനല്‍കിയ ചോദ്യത്തിന് ഇപ്പോള്‍ വന്ന മറുപടിയില്‍ ഇത് ഉള്‍പ്പെടാതെ പോയതാണെന്നും സമദാനി ചൂണ്ടിക്കാട്ടി.