കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന നടപടി

Top News

മലപ്പുറം:നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി അധികൃതര്‍. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ നിരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരുംദിവസങ്ങളില്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും. സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വ്യാപാരികള്‍ സഹകരിക്കണമെന്നും കലക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു.
കലക്ടറുടെ അധ്യക്ഷതയില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍മപദ്ധതികള്‍ തയ്യാറാക്കി.
താലൂക്ക് തലത്തില്‍ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷ, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. യഥാസമയം അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രവയ്ക്കാത്ത കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കും. ഉപകരണങ്ങള്‍ മുദ്രവച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ത്രാസിന്‍റെ ഡിസ്പ്ലേ ഉപഭോക്താവിന് വ്യക്തമായി കാണുന്ന രൂപത്തില്‍ സ്ഥാപിക്കണം. വിലവിവര പട്ടിക, സ്ഥാപനം നടത്തുന്നതിനാവശ്യമായ ലൈസന്‍സുകള്‍ എല്ലാം പൊതുജനം കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കണം. ചരക്കുകളിലെ എംആര്‍പി മായ്ക്കുക, മറയ്ക്കുക തുടങ്ങിയവയ്ക്കെതിരെയും നടപടി സ്വീകരിക്കും. ശുചിത്വം ഉറപ്പാക്കാന്‍ തട്ടുകടകളില്‍ പ്രത്യേകം പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി.
രണ്ടാഴ്ചയ്ക്കിടെ ജില്ലയിലുടനീളം പൊതുവിപണിയില്‍ നടത്തിയ പരിശോധനയില്‍ 116 ഇടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അളവു തൂക്കത്തില്‍ കൃത്രിമം കാണിച്ചതിനും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനുംമൂന്ന്സ്ഥാപനങ്ങളില്‍നിന്നായി ലീഗല്‍ മെട്രോളജി വകുപ്പ് 74,000 രൂപ പിഴ ഈടാക്കി. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി കലക്ടറുടെ അധ്യക്ഷതയില്‍ വ്യാപാരി പ്രതിനിധികളുടെ യോഗവും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
യോഗത്തില്‍ എഡിഎം എന്‍.എം. മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.മിനി, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ശ്രീജയ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് സക്കീര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *