കരസേനയില്‍ സ്ത്രീകളുടെ സ്ഥിരം കമ്മീഷന്‍ നിയമനം;
വ്യവസ്ഥ ഏര്‍പ്പെടുത്തിയത് യുക്തിവിരുദ്ധം: സുപ്രീംകോടതി

India Kerala

ന്യൂഡല്‍ഹി: കരസേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നിയമനത്തിനു ശാരീരിക ക്ഷമത തെളിയിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത് ഏകപക്ഷീയവും യുക്തിവിരുദ്ധവുമാണെന്നു സുപ്രീംകോടതി.
സ്ത്രീകളുടെ സ്ഥിരം കമ്മീഷന്‍ നിയമനത്തിനു ശാരീരിക ക്ഷമത പരിശോധിക്കണമെന്ന വ്യവസ്ഥ രണ്ട് മാസത്തിനുള്ളില്‍ പുനഃപരിശോധിക്കണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കരസേനയ്ക്ക് നിര്‍ദേശം നല്‍കി. പുരുഷന്മാര്‍ പുരുഷന്മാര്‍ക്കു വേണ്ടി മാത്രം നിര്‍ണയിക്കുന്ന ചട്ടക്കൂടുകളാണ് ഇപ്പോഴും തുടരുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരേ എണ്‍പ തോളം ഉദ്യോഗസ്ഥകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സൈനികസേവനത്തിന്‍റെ അഞ്ചാമത്തെയും പത്താമത്തെയും വര്‍ഷം തയാറാക്കുന്ന എസിആര്‍ (ആനുവല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്) പ്രകാരം അര്‍ഹമായ പദവിയോ സ്ഥാനമോ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ആനുപാതികമായി വനിതകള്‍ക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വനിതകളോടുള്ള വിവേചനവും ഏകപക്ഷീയമായ രീതിയും പ്രകടമാണ്. പുരുഷന്മാര്‍ പുരുഷന്മാര്‍ക്കായി രൂപപ്പെടുത്തിയതാണ് നമ്മുടെ സാമൂഹികഘടന. പ്രത്യക്ഷത്തില്‍ ഹാനികരമല്ലെന്നു തോന്നിപ്പിക്കുന്നതാണെങ്കിലും നാം പിന്തുടര്‍ന്നു പോരുന്ന പല സംവിധാനങ്ങളും പുരുഷാധിപത്യ വ്യവസ്ഥയുടെ സൂചനകളാണ്. തുല്യത പറയുന്നിടത്തു തന്നെ സ്ത്രീകളോടുള്ള വിവേചനമാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും ഇതു ഭരണഘടനയുടെ മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഉത്തരവില്‍ വിശദമാക്കുന്നു.
രാജ്യത്തിനുവേണ്ടി നേടിയ നിരവധി ബഹുമതികളും അവാര്‍ഡുകളും മറ്റു രാജ്യങ്ങളില്‍ പോയി ചെയ്ത സര്‍വീസുകളും വനിതകളുടെ സ്ഥിരം നിയമനകാര്യത്തില്‍ പരിഗണിക്കപ്പെടുന്നില്ല. ഉദ്യോഗാര്‍ഥികളുടെ അച്ചടക്കവും സ്വഭാവശുദ്ധിയുമാണ് സ്ഥിരം നിയമനങ്ങള്‍ക്കായി പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *