തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പും വിമുക്തി മിഷനും നടത്തുന്ന ഒരു മാസത്തെ തീവ്ര ലഹരിവിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്‍റെ ഭാഗമായി മദ്യ, മയക്കുമരുന്ന് വിപത്തിനെതിരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ആയിരങ്ങള്‍ ദീപം തെളിയിച്ചു.
നിയമസഭ സാമാജികരുടെ നേതൃത്വത്തില്‍ നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 152 ദീപങ്ങള്‍ തെളിയിച്ചുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ 152ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടി സംഘടിപ്പിച്ചത്.
ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററാണ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്.
പാലക്കാട് നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ദീപം തെളിയിച്ചു. കളമശ്ശേരിയില്‍ വ്യവസായ മന്ത്രി പി.രാജീവും, ആലപ്പുഴയില്‍ കൃഷിമന്ത്രി പി.പ്രസാദും, ചിറ്റൂരില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും, താനൂരില്‍ കായികമന്ത്രി വി.അബ്ദുറഹിമാനും, പറവൂരില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പരിപാടി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, യുവജന, വനിതാ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബോധവത്കരണ പ്രചാരണത്തിന്‍റെ ഭാഗമായി പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈന്‍ സെഷനുകള്‍, സൈക്കിള്‍ റാലികള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു. 1400 അംഗീകൃത റസിഡന്‍സ് അസോസിയേഷനുകള്‍ ഈ യജ്ഞത്തിന് പിന്തുണ നല്‍കി.ലഹരിവിപത്തിനെതിരെ വിദ്യാര്‍ഥികളില്‍ അവബോധം വര്‍ധിപ്പിക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് യജ്ഞത്തിന് തുടക്കം കുറിക്കവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു.