ന്യൂഡല്‍ഹി: പഴ്സണല്‍ കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി). പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നീക്കം.
നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസന്‍സുണ്ടെങ്കില്‍ മാത്രമേ ഇനി അനുവാദം ലഭിക്കൂ എന്നും ഡിജിഎഫ്ടി ഇറക്കിയ അറിയിപ്പിലുണ്ട്. എച്ച്എസ്എന്‍ 8741ന് കീഴില്‍ വരുന്ന ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഓള്‍ ഇന്‍ വണ്‍ പഴ്സണല്‍ കമ്പ്യൂട്ടറുകള്‍, അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.
നിയന്ത്രിത ഇറക്കുമതി ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഇനി ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാകൂ. എന്നാല്‍ ബാഗേജ് നിയമത്തിന് കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണമില്ല- ഡിജിഎഫ്ടി നോട്ടീസ് വ്യക്തമാക്കി.
ഉത്പന്നങ്ങള്‍ വിദേശത്ത് നിന്നോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നോ ഒരെണ്ണം മാത്രമായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുന്നതാണ് ബാഗേജ് നിയമത്തിന് കീഴില്‍ വരുന്ന ഇറക്കുമതി. എന്നാല്‍ ഈ രീതിയില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് നികുതി ബാധകമാണ്.ഗവേഷണം, വികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഐടി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനും അനുമതി നല്‍കുമെന്ന് നോട്ടീസിലുണ്ട്.
പരമാവധി 20 എണ്ണം വരെ ഇറക്കുമതി ചെയ്യുന്നതിനാകും അനുവാദം ലഭിക്കുക.രാജ്യത്ത് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 19.7 ബില്യണ്‍ യുഎസ് ഡോളറിന്‍റെ (ഏകദേശം 1.63 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.