കപ്പല്‍ യാത്രക്കിടെ മലയാളി ജീവനക്കാരനെ കാണാതായി

Top News

ചങ്ങനാശ്ശേരി: ചരക്കുകപ്പലിലെ ജോലിക്കാരനായ കുറിച്ചി സ്വദേശി യുവാവിനെ ദക്ഷിണാഫ്രിക്കയില്‍നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായതായി കമ്പനി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.കുറിച്ചി ഔട്ട്പോസ്റ്റിന് സമീപം വലിയിടത്തറ വീട്ടില്‍ ജസ്റ്റിന്‍ കുരുവിളയെയാണ് (30) കാണാതായത്.ആറുവര്‍ഷം മുമ്പാണ് മുംബൈ ആസ്ഥാനമായ കമ്പനിയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ച ജസ്റ്റിന്‍ ‘സ്ട്രീം അറ്റ്ലാന്‍റിക്’ കപ്പലില്‍ അസിസ്റ്റന്‍റ് കുക്കായി ജോലിക്ക് പ്രവേശിച്ചത്. ജനുവരി 31നാണ് 25 പേരുമായി സ്ട്രീം അറ്റ്ലാന്‍റിക് ദക്ഷിണാഫ്രിക്കയിലെ തീരത്തുനിന്ന് പുറപ്പെട്ടത്.
കപ്പല്‍ ഈ മാസം 23നാണ് അമേരിക്കന്‍ തീരത്ത് എത്തിച്ചേരുക. ഈ യാത്രക്കിടെ ജസ്റ്റിനെ കാണാതായതായി ബുധനാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്. ജസ്റ്റിന്‍റെ സഹോദരനെയാണ് ആദ്യം ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചത്. ഇതിനു പിന്നാലെ, ഉച്ചയോടെ ഇമെയിലും ലഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെ എറണാകുളത്തുനിന്ന് കമ്പനി അധികൃതരെത്തി വീട്ടുകാര്‍ക്ക് വിവരം ചൂണ്ടിക്കാട്ടി കത്തും നല്‍കി.കഴിഞ്ഞ ഞായറാഴ്ച ജസ്റ്റിന്‍ വീട്ടില്‍ വിളിച്ച് മാതാവ് കുഞ്ഞൂഞ്ഞമ്മയുമായി സംസാരിച്ചിരുന്നു. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജസ്റ്റിനെപറ്റി വിവരമുണ്ടായിരുന്നില്ല.
ബുധനാഴ്ച പുലര്‍ച്ച ഏഴോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ജസ്റ്റിന്‍റെ തിരോധാനം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. നവംബറിലാണ് ജസ്റ്റിന്‍ നാട്ടില്‍ വന്നു മടങ്ങിയത്.മൂന്ന് ആഴ്ച മുമ്പായിരുന്നു ജ്യേഷ്ഠന്‍ സ്റ്റെഫിന്‍റെ വിവാഹം നടന്നത്. അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. വിവാഹത്തിന് വിദേശത്തുനിന്ന് വന്ന സഹോദരി ശിഖ നാട്ടിലുണ്ട്. ജസ്റ്റിന്‍റെ പിതാവ് മൂന്നുവര്‍ഷം മുമ്ബാണ് അപകടത്തില്‍ മരിച്ചത്.വിവരം അറിഞ്ഞയുടന്‍ വീട്ടുകാര്‍ വാര്‍ഡ് മെംബര്‍ ബിന്ദു രമേശ്, ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് എന്നിവരെ അറിയിച്ചു.
സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ ഹൈകമീഷന്‍ വഴി എല്ലാ സഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നല്‍കുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ മന്ത്രിയുടെ ഓഫിസില്‍ നേരിട്ടുകാണുകയും ചെയ്തു. വി. മുരളീധരന്‍ എല്ലാ സഹായവും ഉറപ്പുനല്‍കിയതായും കൊടിക്കുന്നില്‍ ചര്‍ച്ചക്കുശേഷം പറഞ്ഞു. മന്ത്രി വി.എന്‍. വാസവന്‍, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്‍റ് ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *