കനത്ത മഴ ; വ്യാപക നാശനഷ്ടം

Top News

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷം. കനത്തമഴയിലും കാറ്റിലും മരം വീണും മറ്റുമാണ് നാശനഷ്ടം സംഭവിച്ചത്.തൃശൂര്‍ ചേര്‍പ്പില്‍ ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂരയിലെ ഷീറ്റ് പറന്നുപോയി മറ്റൊരു വീടിന്‍റെ മുകളില്‍ പതിച്ചു.വയനാട് പുല്‍പ്പള്ളി പോലിസ് സ്റ്റേഷന്‍ വളപ്പില്‍ മരം കടപുഴകി വീണു. സ്റ്റേഷന്‍ വളപ്പിലെ ക്വാര്‍ട്ടേഴ്സിന്‍റെ മേല്‍ക്കൂരയും ചുറ്റുമതിലും തകര്‍ന്നു.പത്തനംതിട്ട ജില്ലയില്‍ കനത്തമഴയില്‍ മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മൂഴിയാര്‍ ഡാമിന്‍റെ ഷട്ടര്‍ തുറന്നേക്കും. നിലവില്‍ 190 മീറ്ററാണ് ജലനിരപ്പ്. 192.63 മീറ്ററെത്തിയാല്‍ ഡാം തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആങ്ങമൂഴി, സീതത്തോട് മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.
കോഴിക്കോട് ജില്ലയില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോവൂരില്‍ കാറ്റില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര പറന്നു പോയി. താമരശേരി ചുങ്കത്ത് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു. പനംതോട്ടത്തില്‍ ടി പി സുബൈറിന്‍റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്.പാലക്കാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം പൊട്ടി വീണു. അപകടത്തില്‍ ബസ്സിന്‍റെ ചില്ലുകള്‍ തകര്‍ന്നു. പാലക്കാട് മണ്ണാര്‍ക്കാട് നെട്ടമല വളവിലാണ് അപകടമുണ്ടായത്. മുന്‍ഭാഗത്തെ ചില്ലുകള്‍ ആണ് പൂര്‍ണ്ണമായും തകര്‍ന്നത്. യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കില്ല.അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *