ചെന്നൈ: കനത്ത മഴയില്‍ തമിഴ്നാട്ടില്‍ വ്യാപക കൃഷിനാശം. ദിവസങ്ങളായി പെയ്ത മഴയില്‍ 50,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന കൃഷി നശിച്ചതായാണ് കണക്കുകള്‍.മണ്‍സൂണ്‍ സീസണില്‍ ലഭിക്കുന്ന മഴയേക്കാള്‍ 68 ശതമാനം അധികമാണ് തമിഴ്നാട്ടില്‍ പെയ്ത മഴ. അപ്രതീക്ഷിത ദുരന്തമാണ് വ്യാപകമായി കൃഷി നശിക്കാന്‍ കാരണം.ചെന്നൈ, വില്ലുപുരം കൂടല്ലൂര്‍, കന്യാകുമാരി, തൂത്തുക്കുടി, മധ്യ തമിഴ്നാട്ടിലെ ഡെല്‍റ്റ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴ കനത്ത നാശം വിതച്ചത്. ഒക്ടോബറില്‍ തുടങ്ങിയ മഴയില്‍ 2300 ഓളം വീടുകള്‍ സംസ്ഥാനത്ത് ഇതുവരെ തകര്‍ന്നു. നവംബര്‍ രണ്ടാംവാരത്തില്‍ മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും വെള്ളത്തിനടിയിലാകുകയും ചെയ്തു. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം നിറഞ്ഞു.നാഗപട്ടണം ജില്ലയിലെ കൃഷിക്കാരനായ രാസപ്പന്‍ പാട്ടത്തിനെടുത്ത 15 ഏക്കറിലെ വിളവെടുക്കാറായ നെല്‍കൃഷിയാണ് നശിച്ചത്. ‘എല്ലാ വിളകളും നശിച്ചു. കടം കയറിയതോടെ ആഭരണങ്ങളെല്ലാം ബാങ്കില്‍ പണയംവെച്ചു. സര്‍ക്കാര്‍ സഹായം നല്കിയാല് അവ തിരിച്ചെടുക്കാനും വീണ്ടും കൃഷിയിറക്കാനും സാധിക്കും. അല്ലെങ്കില്‍ ഭൂമി തരിശായി കിടക്കും’ രാസപ്പന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാനം 2600 കോടിയുടെ ദുരിതാശ്വാസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി നാലു ദിവസത്തെ സന്ദര്‍ശനത്തിലാണ് കേന്ദ്രസംഘം.