കനത്ത മഴയിലും തളരാതെ കര്‍ഷകര്‍

India

ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ വിറപ്പിച്ച കൊടുംതണുപ്പ് രൂക്ഷമാക്കി കനത്ത മഴ പെയ്തിട്ടും പോരാട്ടത്തില്‍ നിന്ന് അണുവിട പിന്മാറാതെ സമരത്തിലുള്ള കര്‍ഷകര്‍.
ശനിയാഴ്ച അര്‍ധരാത്രി ആരംഭിച്ച കനത്ത മഴ ഇന്നലെ ഉച്ചവരെ പെയ്തതിനെത്തുടര്‍ന്ന് കര്‍ഷകരുടെ ടെന്‍റുകളില്‍ വെള്ളം കയറി. ഇതുകൊണ്ടൊന്നും സമരത്തില്‍നിന്നു പിന്മാറില്ലെന്നു വ്യക്തമാക്കിയ കര്‍ഷകര്‍, ഇത്തരം കാലാവസ്ഥ പ്രശ്നങ്ങളൊക്കെ തങ്ങള്‍ വയലുകളില്‍ നേരിടുന്നവരാണെന്നും പറഞ്ഞു. അതിനിടെ, കൊടും തണുപ്പിനിടെ ഷര്‍ട്ട് ധരിക്കാതെ ചിലര്‍ പ്രതിഷേധ പ്രകടനവും നടത്തി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ കുറഞ്ഞ താപനില മൂന്നു സെല്‍ഷസില്‍ താഴെ നില്‍ക്കുമ്പോഴാണ് ഇന്നലെ മഴ പെയ്തത്.
കനത്ത മഴയില്‍ സിംഗു അതിര്‍ത്തിയില്‍ സമരത്തിലുള്ള കര്‍ഷകരുടെ മിക്ക ടെന്‍റുകളിലും വെള്ളം കയറി. മഴയെയും തണുപ്പിനെയും ചെറുക്കാന്‍ വളരെ ബുദ്ധിമുട്ടിയ കര്‍ഷകര്‍ക്കു ടെന്‍റുകളില്‍ കയറിയ വെള്ളം ഒഴുക്കിവിടാന്‍ ഏറെ പരിശ്രമിക്കേണ്ടിവന്നു. 25 മില്ലിമീറ്റര്‍ മഴയാണ് സഫ്ദര്‍ജംഗ് നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. ആറുവരെ ഇതേ രീതിയില്‍ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം 39 ദിവസം പിന്നിടുന്നതിനിടെ നിര്‍ണായകമായ രണ്ടു വിഷയങ്ങളില്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും.
മൂന്നു നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവില നിയമ പ്രകാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണു കര്‍ഷകസംഘടനകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല. നിയമം പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്നു സര്‍ക്കാര്‍ പറയുന്നു. ഇത് അംഗീകരിക്കാന്‍ സമരക്കാരും തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *