ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മേഖലയിലെ കനത്ത മഞ്ഞുവീഴ്ച വിമാന ഗതാഗതത്തെ ബാധിക്കുന്നു. ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി വിമാനതാവള അധികൃതര്‍ അറിയിച്ചു.ശ്രീനഗറിലേക്കും പുറത്തേയ്ക്കുമുള്ള വിമാന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി വ്യോമഗതാഗത വകുപ്പ് അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം 400 മീറ്റര്‍ ദൂരത്തോളം മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു എന്നതാണ് അവസ്ഥ.സൈന്യവും വ്യോമഗതാഗത വകുപ്പിന്‍റെ എഞ്ചിനീയറിംഗ് വിഭാഗവുമാണ് ഗതാഗതം പുന:സ്ഥാപിക്കാനും റണ്‍വേയിലെ മഞ്ഞു നീക്കാനും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ഏറ്റവും അത്യാധുനിക ഉപകരണങ്ങളാണ് മഞ്ഞുവീഴ്ച മൂലമുള്ള തടസ്സങ്ങള്‍ നീക്കാനായി ഉപയോഗിക്കുന്നത്. ഇന്ന് രാവിലെ മാത്രം മൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ശ്രീനഗര്‍, ഹിമാലയന്‍ മേഖലകള്‍ കഴിഞ്ഞ രണ്ടുമാസമായി അതിശൈത്യ ത്തിലൂടെ കടന്നുപോവുകയാണ്. ഹിമാലയന്‍ മേഖലയിലെ കനത്ത മഞ്ഞുവീഴ്ച ഉത്തരാഘണ്ഡിലെ തിരഞ്ഞെടുപ്പിനേയും ബാധിച്ചിരുന്നു. ശ്രീനഗര്‍ വിമാന ത്താവളം സൈന്യത്തിന്‍റെ വ്യോമതാവളത്തിന്‍റെ ഭാഗമായതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് മഞ്ഞുനീക്കല്‍ പുരോഗമിക്കുന്നത്.