കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി
കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

Kerala

കോഴിക്കോട്: പ്രശസ്ത കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. 2017ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.അരങ്ങില്‍ കുചേലനായും കീചകനായുമൊക്കെ വേഷപ്പകര്‍ന്നാട്ടം നടത്തിയ കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളി ആസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.
മടന്‍കണ്ടി ചാത്തുകുട്ടി നാ
യരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നല്‍കുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വഹിച്ച പങ്ക് ചെറുതല്ല.
നൃത്തരംഗത്തിനും ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ചെങ്ങോട്ടുകാവ് എലിമെന്‍ററി സ്കൂളിലും ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിലുമായിരുന്നു കുഞ്ഞിരാമന്‍ നായരുടെ വിദ്യാഭ്യാസം. നാലാം ക്ലാസു വരെയേ പഠനം തുടരാനായുള്ളു. പതിനഞ്ചാം വയസില്‍ നാടുവിട്ട് മേപ്പയൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തില്‍ ചേര്‍ന്ന അദ്ദേഹം ഗുരു കരുണാകര മേനോന്‍റെ കീഴിലാണ് കഥകളി അഭ്യസിച്ചുതുടങ്ങിയത്. നര്‍ത്തകി ബാലചന്ദ്ര സരസ്വതി ഭായി, ഗുരു ഗോപിനാഥ്, കലാമണ്ഡലം മാധവന്‍നായര്‍ തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യമുള്‍പ്പെടെ ഭാരതീയ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടി.
1944ല്‍ കണ്ണൂരില്‍ ഭാരതിയ നൃത്തകലാലയം ആരംഭിച്ചു. ഉത്തരമലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു ഇത്. 1946ല്‍ തലശേരിയില്‍ ഭാരതിയ നാട്യകലാലയവും മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ ചേമഞ്ചേരി ശിവദാസ് എന്നിവരുടെ സഹായത്തോടെ 1974ല്‍ കോഴിക്കോട് പൂക്കാട് യുവജനകലാലയവും അദ്ദേഹം ആരംഭിച്ചു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ശിഷ്യര്‍ ഗുരുവിന് കീഴില്‍ പഠിച്ചിറങ്ങി. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന നൃത്തരൂപത്തിന്‍റെ രൂപകല്പനയിലും അവതരണത്തിലും സജീവമായി പ്രവര്‍ത്തിച്ചു.
ഏറെക്കാലം നൃത്തനാടക രംഗത്ത് പ്രവര്‍ത്തിച്ചപ്പോഴും ഗുരുവിന്‍റെ മനസ്സു മുഴുവന്‍ കഥകളിയായിരുന്നു.
കഥകളിക്കുവേണ്ടി ചേലിയയിലെ സ്വന്തം തറവാട്ടുവളപ്പില്‍ 1983ല്‍ പ്രശസ്തമായ ചേലിയ കഥകളി വിദ്യാലയത്തിന് തുടക്കമിട്ടു. കേരളത്തിലെ പ്രമുഖ കലാവിദ്യാലയങ്ങളില്‍ ഒന്നായി അത് മാറി.

Leave a Reply

Your email address will not be published. Required fields are marked *