തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയില്‍ സംഘര്‍ഷം. പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും എത്തിയതോടെ നഗരസഭയില്‍ സംഘര്‍ഷമുണ്ടായി . മേയര്‍ ഡയസിലേക്ക് വരുന്നതുതടയാന്‍ കൗണ്‍സിലര്‍മാര്‍ നിലത്തുകിടന്നാണ് പ്രതിഷേധിച്ചത്. ഡയസില്‍ മേയര്‍ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
ഇതോടെ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലെത്തി. ഡയസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച വനിതാ കൗണ്‍സിലര്‍മാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഗോ ബാക്ക് വിളികളുമായാണ് പ്രതിപക്ഷ പ്രതിഷേധം. നാല് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കൗണ്‍സില്‍ യോഗം തുടര്‍ന്നു.
അതേസമയം കത്ത് വിവാദത്തില്‍ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി നഗരസഭയിലേക്ക് തള്ളിക്കയറി. കോണ്‍ഗ്രസ്,ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നഗരസഭ കവാടത്തിന് പുറത്തുനടക്കുന്നതിനിടെയാണ് അങ്ങിങ്ങായി ചിതറിയെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ നഗരസഭക്ക് അകത്തേക്ക് ഓടിക്കയറിയത്.
ഉടനെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ചു. പിന്നീട് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ച ശേഷമാണ് മേയര്‍ കോര്‍പറേഷനിലേക്ക് എത്തിയത്.