കത്ത് വിവാദം: ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

Top News

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദ കത്ത് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ മേയര്‍ ആര്യ രാജേന്ദ്രനടക്കം ഹൈകോടതിയുടെ നോട്ടീസ്.കോര്‍പറേഷനിലെ ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടി അംഗങ്ങളുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറിക്ക് മേയറുടെ ലെറ്റര്‍പാഡില്‍ കത്തയച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബു നോട്ടീസ് അയക്കാന്‍ ഉത്തരവായത്.എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനും സര്‍ക്കാറിനും സി.ബി.ഐക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട കോടതി, എതിര്‍കക്ഷികളോട് വിശദീകരണം തേടി. ഹരജി വീണ്ടും നവംബര്‍ 25ന് പരിഗണിക്കാന്‍ മാറ്റി.
വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷിക്കാനിടയില്ലെന്നും സി.ബി.ഐയെ ഏല്‍പിക്കുന്നില്ലെങ്കില്‍ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നുമടക്കം ആവശ്യപ്പെട്ടാണ് ഹരജി. കേസെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇത് ആരോപണം മാത്രമാണെന്നും പരിശോധിച്ചു വരുകയാണെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പറഞ്ഞു.തുടര്‍ന്നാണ് സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും മേയര്‍ക്കടക്കം നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആരോപണം മേയര്‍ക്കെതിരെ ആയതിനാല്‍ അവരുടെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിലെ ഒഴിവുകളിലേക്കാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടികതേടി കത്തയച്ചതെന്നാണ് ഹരജിയിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *