തിരുവനന്തപുരം: മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ഓഗസ്റ്റ് 25നാണ് ഒമ്പത് സ്ത്രീകളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്.കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
തേയില നുള്ളാനായി പോയി മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. വാളാട് നിന്ന് തലപ്പുഴയിലേക്ക് വരുമ്പോഴാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ജീപ്പ് 30 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. പാറകള്‍ നിറഞ്ഞ സ്ഥലത്ത് ജീപ്പ് വന്നുപതിച്ചതിനാല്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നിരുന്നു.