. സര്‍ക്കാറിന് തിരിച്ചടി
. ഗവര്‍ണര്‍ ചാന്‍സലറില്‍ നിക്ഷിപ്തമായ അധികാരം നിറവേറ്റിയില്ലെന്ന് കോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കി. 2021 നവംബറില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച ഉത്തരവാണ് കോടതി റദ്ദാക്കിയത്. കേരള സര്‍ക്കാരിന്‍റേത് ചട്ടവിരുദ്ധ ഇടപെടലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലറില്‍ നിക്ഷിപ്തമായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിറവേറ്റാന്‍ കേരള ഗവര്‍ണര്‍ തയാറായില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി.
ചാന്‍സലറാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടലുണ്ടായെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയും മന്ത്രിയും കത്തെഴുതി. കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനര്‍നിയമനത്തിന് അനുമതി നല്‍കിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹരജിക്കാരുടെ അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി നാലു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ മൂന്നു കാര്യങ്ങളെ കോടതി അനുകൂലിച്ചു. ഒരു വിസിയെ പുനര്‍നിയമിക്കാന്‍ സാധിക്കുമോ, യു.ജി.സി ചട്ടങ്ങള്‍ പുനര്‍നിയമനത്തിന് ബാധകമാണോ, ഒരു വി സിക്ക് 60 വയസ് എന്ന പ്രായപരിധി മറികടക്കാന്‍ സാധിക്കുമോ എന്നിവയാണ് പരിശോധിച്ചത്.
ഒരു വിസിയെ പുനര്‍നിയമിക്കാന്‍ സാധിക്കും, ഒരു വി.സിയുടെ പുനര്‍നിയമനത്തിന് 60 വയസ് എന്ന പ്രായപരിധി ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, വിസി നിയമനത്തില്‍ സ്വതന്ത്ര തീരുമാനം ഗവര്‍ണര്‍ക്ക് സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന നാലാമത്തെ വിഷയം കോടതി ശരിവെച്ചു.
ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി.
ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരെ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയതെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.