കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: വിദേശ രാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കത്തിന് വഴി തെളിഞ്ഞു

Top News

മട്ടന്നൂര്‍: കണ്ണൂരില്‍നിന്നു വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കത്തിന് വഴി തെളിഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എയര്‍ കാര്‍ഗോ സര്‍വിസ് ഈ മാസം 16ന് പ്രവര്‍ത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് എയര്‍ കാര്‍ഗോ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് കാര്‍ഗോ കോംപ്ലക്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കാര്‍ഗോ സര്‍വിസ് തുടങ്ങുന്നതിനുള്ള ട്രയല്‍ റണ്ണും മറ്റുകാര്യങ്ങളും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.
ഇലക്ട്രിക് ഡാറ്റ ഇന്‍റര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കുനീക്കം നിയന്ത്രിക്കുക. 1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000 ടണ്‍ ചരക്ക് ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുമുള്ള കാര്‍ഗോ കോംപ്ലക്സാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളും കാര്‍ഷികോല്‍പന്നങ്ങളും സൂക്ഷിക്കുന്നതിനായി കോള്‍ഡ് സ്റ്റോറേജ് സംവിധാനവുമുണ്ട്.
കഴിഞ്ഞ മാസം കാര്‍ഗോ സംവിധാനത്തിനു വേണ്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും നിയമിച്ചു കഴിഞ്ഞു. ഏഴായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കാര്‍ഗോ കോംപ്ലക്സിെ!ന്‍റ നിര്‍മാണവും പുരോഗമിക്കുകയാണ്. സാധാരണ ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനു പുറമെ പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, മത്സ്യം, പൂക്കള്‍, മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യവും ഉണ്ടാകും. ഇതു പൂര്‍ത്തിയാവുന്നതോടെ രാജ്യാന്തര കാര്‍ഗോകള്‍ പൂര്‍ണമായും ഇവിടേക്ക് മാറ്റും. ചെറിയ കാര്‍ഗോ കോംപ്ലക്സ് ആഭ്യന്തര ചരക്കു നീക്കത്തിനു മാത്രമായി ഉപയോഗിക്കും. കണ്ണൂരും സമീപ ജില്ലകളിലും കര്‍ണാടകയിലെ കുടക് മേഖലയിലും ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കും മറ്റും അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ കാര്‍ഗോ സഹായകമാകും. മലബാറിന്‍െറ എയര്‍ കാര്‍ഗോ ഹബ് എന്ന നിലയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ വികസിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാലും സര്‍ക്കാറും.
വിദേശ വിമാനക്കമ്പനികളുടെ സര്‍വിസ് തുടങ്ങുന്നതിനുള്ള പോയന്‍റ് ഓഫ് കോള്‍ അനുമതി കേന്ദ്രസര്‍ക്കാറില്‍ നിന്നു ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കിയാലിന് കാര്‍ഗോ സര്‍വിസ് ഏറെ സഹായകമാവും.

Leave a Reply

Your email address will not be published. Required fields are marked *