. നെടുംപൊയില്‍-മാനന്തവാടി റോഡിന്‍റെ പല ഭാഗവും തകര്‍ന്നനിലയില്‍
നെടുംപൊയില്‍: തലശേരി – ബാവലി സംസ്ഥാനപാതയുടെ നെടുംപൊയില്‍ മുതല്‍ വയനാട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചന്ദനത്തോട് വരെയുളള ഭാഗം പലയിടത്തും തകര്‍ന്നു. വയനാട്ടിലേക്കുളള മറ്റൊരു പ്രധാന പാതയായ അമ്പായത്തോട് – ബോയ്സ് ടൗണ്‍ ചുരം റോഡും നാളുകളായി തകര്‍ന്നനിലയിലാണ്.കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുളള പ്രധാനപാതകളില്‍ ഒന്നാണ് നെടുംപൊയില്‍-മാനന്തവാടി റോഡ്. റോഡിന്‍റെ പല ഭാഗവും പൂര്‍ണമായും തകര്‍ന്നു വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ്. പലയിടത്തും ടാര്‍ അടക്കം ഒലിച്ചുപോയി. ഹെയര്‍പിന്‍ വളവുകളില്‍ പോലും റോഡ് പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. ബസുകളും ചരക്കുലോറികളും ഉള്‍പ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.നിരവധി സഞ്ചാരികള്‍ എത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഏലപ്പീടികയിലേക്ക് പോകുന്നതും ഇതുവഴിയാണ്. സണ്‍സെറ്റ് വ്യൂപോയിന്‍റ് കാണാനും കാനനപാതയിലൂടെ പോകാനും നിരവധിയാളുകളാണ് നിത്യവും ഇതുവഴി എത്തുന്നത്. തകര്‍ന്നു കിടക്കുന്ന റോഡ് സഞ്ചാരപ്രേമികളെ ഉള്‍പ്പെടെയാണ് വലയ്ക്കുന്നത്.ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പോലും ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. അഞ്ച് സ്ഥലങ്ങലളിലായിരുന്നു റോഡ് പ്രധാനമായും ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. ഇതില്‍ മൂന്നിടത്ത് അറ്റകുറ്റപ്പണികള്‍ നേരത്തെ നടത്തി. ബാക്കിയുളള രണ്ടിടത്തെ അറകുറ്റപ്പണികള്‍ ബാക്കി നില്‍ക്കുകയാണ്. 12 കിലോമീറ്റര്‍ റോഡിന്‍റെ നവീകരണ പ്രവര്‍ത്തങ്ങള്‍ക്കും മെക്കാഡം ടാറിംഗിനുമായി പതിനൊന്നര കോടി രൂപ അനുവദിച്ചുണ്ടെന്നും ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്നും പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു.