കണ്ണൂര്‍:കണ്ണൂരില്‍ ഒട്ടേറെ വികസന സംരംഭങ്ങള്‍ വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിമാനത്താവളത്തോടനുബന്ധിച്ച് ഐടി പാര്‍ക്കിനും സയന്‍സ് പാര്‍ക്കിനുംപുറമെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും വരുന്നുണ്ട്. കൂടാതെ മറ്റ് ഒട്ടേറെ സംരംഭങ്ങള്‍കൂടി വരികയാണ്. അഴീക്കല്‍ തുറമുഖത്തിന്‍റെ വികസനം പൂര്‍ത്തിയാകുന്നതോടെ നാടിന്‍റെ പുരോഗതി വളരെ വലുതായിരിക്കും. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലാകെ വന്‍ വികസനത്തിനാണ് വഴിവയ്ക്കാന്‍ പോകുന്നതെന്നും കണ്ണൂര്‍ വികസന സെമിനാറിനോടനുബന്ധിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവള വികസനം പ്രതിസന്ധിയിലായതിന്‍റെ ഉത്തരവാദിത്വം മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്കാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതില്‍നിന്ന് ഒരടിപോലും മുന്നോട്ടുപോകാതെ യുഡിഎഫ് കാലത്ത് പ്രവര്‍ത്തനം മുരടിപ്പിച്ചു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് വിമാന സര്‍വീസ് ആരംഭിക്കാനായത്.
ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഉയര്‍ന്നിരിക്കുന്നു. പക്ഷേ, ഈ വിമാനത്താവളത്തിന് ആര്‍ജിക്കാന്‍ കഴിയാവുന്ന പുരോഗതി നേടാനാകുന്നില്ല. വിദേശ വിമാനസര്‍വീസുകള്‍ നടത്തുന്നതിനുള്ള പോയന്‍റ് ഓഫ് കോള്‍ അനുവദിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നയമാണ് ഈ പ്രതിസന്ധിക്ക് കാരണം. അഞ്ചുവര്‍ഷം മുമ്പ് വിമാനമാനത്താവളം പൂര്‍ത്തിയായിരുന്നെങ്കില്‍ ഈ നയം ബാധകമാകില്ലായിരുന്നു.
കേന്ദ്ര സര്‍ക്കാരാകട്ടെ തീര്‍ത്തും എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. തലതിരിഞ്ഞ ഈ നയം തിരുത്തിയേ പറ്റൂ. പോയന്‍റ് ഓഫ് കോള്‍ നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതില്‍ ഒരു പ്രത്യേക മാനസികസുഖം അനുഭവിക്കുന്ന നിലയിലാണ് കേന്ദ്ര ഭരണാധികാരികളെന്നും മുഖ്യമന്ത്രി പറഞ്ഞു.
