കണ്ണീര്‍ പ്രണാമം

Kerala

. മൃതദേഹങ്ങള്‍ നാട്ടിലേക്ക്
. മരിച്ച 45 ഇന്ത്യാക്കാരില്‍ 25 മലയാളികള്‍

. മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കും
. എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എന്‍.ബി.ടി.സി ഗ്രൂപ്പ്
. വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
. തീപിടിത്തത്തിനുകാരണം സെക്യൂരിറ്റി ക്യാബിനില്‍ തീപടര്‍ന്നതെന്ന് വിവരം

കുവൈത്ത് സിറ്റി / ന്യൂഡല്‍ഹി/ തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച ഇന്ത്യാക്കാര്‍ 45. മലയാളികളുടെ എണ്ണം 25 ആയി. ഇതില്‍ 23 പേരെ തിരിച്ചറിഞ്ഞു. മൂന്ന് ഫിലിപ്പൈന്‍സ് സ്വദേശികളും മരിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്നവരില്‍ ഒമ്പത് മലയാളികളുള്ളതായി റിപ്പോര്‍ട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മൃതദേഹങ്ങള്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ കൊണ്ടുവരും. വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്ന് കുവൈത്ത് അറിയിച്ചു. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ വിമാനങ്ങള്‍ തയാറാക്കാനും അമീര്‍ നിര്‍ദ്ദേശം നല്‍കി. മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എന്‍.ബി.ടി.സി ഗ്രൂപ്പ് അറിയിച്ചു. ഈ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.്.മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.
നേരത്തെ, മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ സഹായധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.മലയാളികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നോര്‍ക്കയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിക്കും. കുവൈത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനുകാരണം സെക്യൂരിറ്റി ക്യാബിനില്‍ തീപടര്‍ന്നതെന്ന് വിവരം. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. കെട്ടിടത്തില്‍ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരുന്ന 21 പാചകവാതക സിലിണ്ടറുകളിലേക്ക് തീ പടര്‍ന്നതാണ് വന്‍ ദുരന്തത്തിനിടയായത്.

Leave a Reply

Your email address will not be published. Required fields are marked *