കണ്ണീര്‍ക്കടല്‍…

Kerala

. വടക്കാഞ്ചേരി അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി
. ഉല്ലസിച്ചുപോയവര്‍ ചേതനയറ്റ് തിരിച്ചെത്തി,സഹിക്കാനാകുന്നില്ല ഈ വേര്‍പാട്

കൊച്ചി: സ്കൂളില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും ബുധന്‍ വൈകിട്ട് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
രാത്രി 11.30 ഓടെ വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ വച്ച് കെഎസ്ആര്‍ടിസി ബസിന് പിറകിലിടിച്ച് മറിഞ്ഞാണ് ദുരന്തം.ടൂറിസ്റ്റ് ബസ്സില്‍ ഉണ്ടായിരുന്ന അഞ്ചു വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ മൂന്ന് പേരുമാണ് മരിച്ചത്.
സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഉദയംപേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അഞ്ജന അജിത്ത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് സി.എസ് ഇമ്മാനുവല്‍(17), പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊട്ടയില്‍ വീട്ടില്‍ ക്രിസ് വിന്‍റര്‍ ബോണ്‍ തോമസ്(15), പൈങ്ങാരപ്പിള്ളി രശ്മി നിലയത്തില്‍ ദിയ രാജേഷ്(15), തിരുവാണിയൂര്‍ വണ്ടിപ്പേട്ട വെമ്പിള്ളിമഠത്തില്‍ എല്‍ന ജോസ്(15), സ്കൂളിലെ പി.ടി അധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയില്‍ വീട്ടില്‍ വി.കെ വിഷ്ണു(33), കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന കൊല്ലം വലിയോട് ശാന്തിമന്ദിരത്തില്‍ അനൂപ് (22), കൊല്ലം പുനലൂര്‍ മണിയാര്‍ ധന്യാഭവനില്‍ യു .ദീപു(26), തൃശൂര്‍ നടത്തറ ഗോകുലം വീട്ടില്‍ ആര്‍.രോഹിത് രാജ്(24) എന്നിവരാണ് മരിച്ചത്.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്‍റെയും മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ നാട്ടുകാരും സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. ഇന്നലെ വൈകിട്ട് 2.30ഓടെ യാണ് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹങ്ങള്‍ എത്തിച്ചത്. ആഹ്ലാദത്തോടെ ഉല്ലസിച്ചു യാത്രപറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ സ്വയം നിയന്ത്രിക്കാനാകാതെ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും നാട്ടുകാരും വാവിട്ടുകരഞ്ഞു. പലരും തളര്‍ന്നുവീണു.പ്രിയപ്പെട്ടവര്‍ക്ക് വിദ്യാലയം നല്‍കിയ അവസാന യാത്രയയപ്പ് ഹൃദയഭേദകമായി.
മന്ത്രി ആന്‍റണി രാജു,പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, തോമസ് ചാഴിക്കാടന്‍ എം.പി,എംഎല്‍എമാരായ കെ. ബാബു അനൂപ് ജേക്കബ്, സിപിഎം നേതാക്കളായ എം.സ്വരാജ്,എസ്.സതീഷ്, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ സ്കൂളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.ആയിരക്കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.പോലീസ് ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്‍റെയും നിര്യാണത്തില്‍ അനുശോചിച്ചു മുളന്തുരുത്തിയിലും തിരുവാണിയൂരും ഉച്ചയ്ക്കുശേഷം ഹര്‍ത്താലാചരിച്ചു.മരിച്ച കെഎസ്ആര്‍ടിസി യാത്രക്കാരായ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഒമ്പതുപേരുടെയും മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചപ്പോള്‍ ഹൃദയഭേദകമായിരുന്നു. മരിച്ച കുരുന്നുകളുടെ രക്ഷിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ഭരണാധികാരികളും രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തുള്ളവരും നിസ്സഹായരായി. കണ്ണീര്‍ക്കടലായി ദുഃഖം അണപൊട്ടി..

Leave a Reply

Your email address will not be published. Required fields are marked *