കണ്ണീരോടെ വിട…

Kerala

. അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അ ഞ്ചു വയസ്സുകാരിക്ക് നാട് വിട നല്‍കി

കൊച്ചി :ആലുവയില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നലെ രാവിലെ 11.30 ഓടെ മൃതദേഹം സംസ്കരിച്ചത്. സഹപാഠികളും അധ്യാപകരും സ്കൂളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.മൃതദേഹം പൊതുദര്‍ശനത്തിനുവച്ച സ്കൂള്‍ അങ്കണം ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അമ്മമാര്‍ അലറിക്കരഞ്ഞു. അധ്യാപകര്‍ ഉള്‍പ്പെടെ വിങ്ങിപ്പൊട്ടി. നിരവധിപേരാണ് കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സ്കൂളിലും ശ്മശാനത്തിലും എത്തിയത്. പലരും ഏറെ വൈകാരികമായാണ് സംസാരിച്ചത്. ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷമായിരുന്നു സംസ്കാരം.
ചേതനയറ്റ പിഞ്ചുശരീരം ശ്മശാനത്തില്‍ ഇറക്കിവയ്ക്കുമ്പോള്‍ ചങ്ക് പൊട്ടി കരഞ്ഞത് കുടുംബാംഗങ്ങള്‍ മാത്രമായിരുന്നില്ല. അവിടെ കൂടിനില്‍ക്കുന്നവരുടെ മുഴുവന്‍ വിങ്ങലും തേങ്ങലുമെല്ലാം അന്തരീക്ഷത്തില്‍ മുഴങ്ങികേള്‍ക്കാമായിരുന്നു..
ഒരു നാട് മുഴുവന്‍ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി.
മൂന്ന് സഹോദരങ്ങളാണ് അഞ്ചുവയസ്സുകാരിക്ക്. അലമുറയിട്ട് കരയുന്ന അമ്മയും വിതുമ്പി നില്‍ക്കുന്ന അച്ഛനും കണ്ണീര്‍ക്കാഴ്ചയായി. ദുരന്തത്തെ തുടര്‍ന്ന് നാടെങ്ങും വന്‍പ്രതിഷേധമാണ് ഉയരുന്നത്.ശനിയാഴ്ചയാണ് ആലുവയില്‍ അഞ്ചുവയസ്സുകാരി പെണ്‍കുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടത്തിയ പ്രതി അസഫാക് ആലത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. പിന്നീട് പെണ്‍കുഞ്ഞിനെ കണ്ടെത്തുന്നത് ആലുവ മാര്‍ക്കറ്റിനുള്ളില്‍ ചേതനയറ്റ മൃതദേഹമായിട്ടാണ്. പ്രതി അസ്ഫക് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയിരുന്നു. കുഞ്ഞിന്‍റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരീകാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെ ആ കുഞ്ഞുശരീരം മുഴുവന്‍ മുറിവുകളുണ്ടായിരുന്നു. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം ലഭിക്കുന്നത്. കാണാതായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങളും ലഭിച്ചില്ല. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചത്.
കുഞ്ഞ് അതിക്രൂര പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ബലാത്സംഗത്തിന് ശേഷം പ്രതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അതിന് ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *