തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ എന്‍. ഭാസുംരാംഗന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭാസുരാംഗന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണിത്. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടുമാസമായി എന്‍.ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്.
കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തില്‍ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വര്‍ഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്നു ഭാസുരാംഗന്‍. കേസില്‍ ഇഡി അന്വേഷണം തുടരുകയാണ്.വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്ന് എടുത്ത വായ്പ മകന്‍റെ പേരില്‍ ബിസിനസ്സില്‍ നിക്ഷേപിച്ചു. മകനെ കൂടാതെ ഭാര്യയും രണ്ട് പെണ്‍മക്കളും പ്രതികളാണ്. ഭാര്യയുടെയും മകന്‍റെയും പെണ്‍മക്കളുടെയും മറ്റു ബന്ധുക്കളുടെയും പേരില്‍ വായ്പ എടുത്തിരുന്നു. ഒരേ ഭൂമി വെച്ചാണ് പലതവണകളായി വായ്പയെടുത്തത്. 90 ലക്ഷം രൂപയാണ് മകന്‍റെ പേരില്‍ മാത്രം എടുത്തത്. ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്‍റെ വായ്പയുണ്ട്.