മീററ്റ് : കഴിഞ്ഞ 10 വര്‍ഷം കണ്ടത് വികസനത്തിന്‍റെ ട്രെയിലര്‍ മാത്രമാണെന്നും രാജ്യം ഇനിയുമേറെ മുന്നോട്ടു കുതിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . അസാധ്യമെന്നു കരുതിയ പലതും നാം നടപ്പാക്കി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്. അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനാല്‍ ചിലര്‍ക്ക് ക്ഷമ നഷ്ടപ്പെടുന്നു. അഴിമതി ഇല്ലാതാക്കുക എന്നതാണ് മന്ത്രം. തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടുന്നതാണ് ലക്ഷ്യം മീററ്റില്‍ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്തു മോദി പറഞ്ഞു.
2024ലെ തിരഞ്ഞെടുപ്പ് കേവലം സര്‍ക്കാരിനെ കണ്ടെത്താന്‍ വേണ്ടിയുള്ളതു മാത്രമല്ല, വികസിത ഭാരതം നിര്‍മ്മിക്കാനുള്ളതു കൂടിയാണ്. 10 വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡ് എല്ലാവരുടെയും പക്കലുണ്ട്. അസാധ്യമെന്ന് കരുതിയ പലതും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചെയ്തു. വികസനത്തിന്‍റെ ട്രെയിലര്‍ മാത്രമാണ് നിങ്ങള്‍ കണ്ടത്. രാജ്യം ഇനിയുമേറെ മുന്നോട്ടു കുതിക്കാനിരിക്കുന്നു.
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമ്പോള്‍, ദാരിദ്ര്യം ഇല്ലാതാക്കും, മധ്യവര്‍ഗം രാജ്യത്തിന്‍റെ കരുത്താകും. അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനാല്‍ ചിലര്‍ക്ക് അവരുടെ ക്ഷമ നഷ്ടപ്പെടുന്നു. അഴിമതി ഇല്ലാതാക്കുക എന്നതാണ് മോദിയുടെ മന്ത്രം. എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷം പറയുന്നത്. അഴിമതിക്കെതിരെ അണിനിരക്കുന്നവരും അഴിമതിക്കാരെ സംരക്ഷിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. മോദി പറഞ്ഞു.