കട്ടപ്പന ഇരട്ടക്കൊല: നവജാത ശിശുവിനെ കത്തിച്ച് തോട്ടില്‍ ഒഴുക്കിയെന്ന് പ്രതികള്‍

Top News

കട്ടപ്പന: നവജാത ശിശുവിന്‍റെ മൃതദേഹം കത്തിച്ച് തോട്ടില്‍ ഒഴുക്കിയെന്ന് കട്ടപ്പന ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍.ഒന്നാം പ്രതി കട്ടപ്പന പാറക്കടവ് പുത്തന്‍പുരക്കല്‍ നിതീഷ് (രാജേഷ് -31), രണ്ടാം പ്രതി കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു (27) എന്നിവരാണ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് ഇങ്ങനെ പറഞ്ഞത്. 2018ലെ പ്രളയത്തില്‍പെട്ട് മൃതദേഹത്തിന്‍റെ തെളിവുകള്‍ പൂര്‍ണമായും നശിച്ചുപോയതായി കരുതുന്നുവെന്ന് കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി പറഞ്ഞു.
കട്ടപ്പന, കക്കാട്ടുകട, നെല്ലിപ്പള്ളില്‍ വിജയന്‍, വിജയന്‍റെ മൂന്ന് ദിവസം പ്രായമായ കൊച്ചുമകള്‍ എന്നിവരെയാണ് നിതീഷും വിഷ്ണുവും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തത്. വിജയനെ എട്ടുമാസം മുമ്പും നവജാത ശിശുവിനെ എട്ടുവര്‍ഷം മുമ്പുമാണ് കൊലപ്പെടുത്തിയത്. രണ്ട് പ്രതികളെയും ബുധനാഴ്ച കൊലപാതകം നടന്ന രണ്ട് വീടുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും എത്തിച്ച് പൊലീസ് തെളിവെടുത്തു.
തെളിവെടുപ്പിനിടെ പ്രതികള്‍ രണ്ടുപേരും പരസ്പരം കുറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൃത്യത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് വിഷ്ണു തെളിവെടുപ്പിനിടെ പറഞ്ഞു. വിഷ്ണുവിന്‍റെ സഹോദരിയില്‍ നിതീഷിന് അവിഹിത ബന്ധത്തിലുണ്ടായതാണ് കുഞ്ഞ്. വിജയനെ കൊലപ്പെടുത്തിയത് നിതീഷുമായുണ്ടായ സാമ്പത്തിക തര്‍ക്കത്തിന്‍റെ പേരിലാണെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *