മാനന്തവാടി: ഒരു പ്രതിരോധ നീക്കങ്ങള്‍ക്കും പിടികൊടുക്കാതെ ദിനചര്യയെന്നോണം നാട്ടിലിറങ്ങി ഇരപിടിക്കുന്ന ഈ കടുവയെ എങ്ങനെ കുടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഒരു നാടും നാട്ടാരും.
എല്ലാ സംവിധാനവുമൊരുക്കി നൂറിലേറെവരുന്ന വനപാലകസംഘവും പൊലീസും രാത്രി ഉളക്കമിളച്ച് കാവല്‍നിന്നിട്ടും ആരുടെ ദൃഷ്ടിയിലും പെടാതെ കുറുക്കന്‍മൂലയില്‍ എല്ലാദിവസവുമെന്നപോലെ കടുവയെത്തുകയാണ്.ചൊവ്വാഴ്ച രാവിലെ പതിനാലാമത്തെ വളര്‍ത്തുമൃഗത്തെയും ആക്രമിച്ച് കൊന്ന് പാതി തിന്നു. പടമല പള്ളിക്ക് സമീപം കുരുത്തോലയില്‍ സുനിലിന്‍െറ മൂന്ന് വയസ്സുള്ള ആടിനെയാണ് കൊന്നത്. രണ്ടാഴ്ചക്കിടെ ദിനംപ്രതിയെന്നോണം 14 വളര്‍ത്തുമൃഗങ്ങളെയാണ് കുറുക്കന്‍മൂലയിലും പരിസരങ്ങളിലുമായി കടുവ ആക്രമിച്ചുകൊന്നത്. കടുവയെ പൂട്ടാന്‍ നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ അഞ്ചു കൂടുകളൊരുക്കി കാത്തിരിപ്പ് തുടരുകയാണ്. പോരാത്തതിന് 56 കാമറക്കണ്ണുകള്‍ കടുവയെ തേടി രാവും പകലും കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നു. ഒത്തുകിട്ടിയാല്‍ മയക്കുവെടിവെക്കാന്‍ വിദഗ്ധ സംഘവും സജ്ജം. പക്ഷേ, എല്ലാവരെയും ‘പറ്റിച്ച്’ കടുവ ഒളിച്ചുകളി തുടരുന്നു. എന്നാല്‍, സ്ഥാപിച്ച കാമറകളില്‍ ഒന്നില്‍ രാത്രി കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കഴുത്തില്‍ മുറിവേറ്റ നിലയിലാണ്.