ബീജിംഗ്: ലോകമൊട്ടാകെ കൊവിഡ് മഹാമാരി വ്യാപനം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്ബോഴും കൊവിഡിന്‍റെ ഉത്ഭവ പ്രദേശമായ ചൈന ഇപ്പോഴും രോഗത്തില്‍ നിന്നും മുക്തരായിട്ടില്ല.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 70ല്‍ അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിയറ്റ്നാമിന്‍റെ അതിര്‍ത്തിക്കടുത്തുള്ള മൂന്നര ദശലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരം അടച്ചുപൂട്ടി.കൊവിഡ് വ്യാപനം നിലനില്‍ക്കുമ്ബോഴും ചൈന ഒഴികെയുള്ള ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. ലോകത്തിലെ പ്രധാന സമ്ബദ്വ്യവസ്ഥകളില്‍ സീറോ കൊവിഡ് നയം ഇപ്പോഴും പിന്തുടരുന്ന ഏക രാജ്യം ചൈനയാണ്. ഫെബ്രുവരി നാല് മുതല്‍ 20 വരെ നടക്കുന്ന 2022 ശീതകാല ഒളിംപിക്സിന് ബീജിംഗ് ആതിഥേയത്വം വഹിക്കുന്നതിനാലാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്.ലോക്ക്ഡൗണിന്‍റെ ഭാഗമായി തെക്കന്‍ ഗുവാങ്സി മേഖലയിലെ ബെയ്സ് നഗരത്തിലെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നഗരം വിട്ടുപോകാനുള്ള അനുമതി നിഷേധിച്ചു. ചില ജില്ലകളില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശവുമുണ്ട്. നഗരം മുഴുവന്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നഗരത്തില്‍ നിന്ന് പുറത്ത് പോകാനോ അകത്തേയ്ക്ക് കടക്കാനോ ആരെയും അനുവദിക്കില്ല. അനാവശ്യയാത്രകള്‍ അനുവദിക്കില്ലെന്നും അധികാരികള്‍ അറിയിച്ചു. വിയറ്റ്നാമില്‍ നിന്ന് 100 കിലോമീറ്റര്‍ അപ്പുറത്തായി സ്ഥിതി ചെയ്യുന്ന ബെയ്സ് നഗരത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യത്തെ പ്രാദേശിക കൊവിഡ് കേസ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിയറ്റ്നാമില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിനായി തെക്കന്‍ അതിര്‍ത്തിയില്‍ വലിയ മുള്ളുവേലി ചൈന നിര്‍മിച്ചിരുന്നു. വലിയതോതിലുള്ള പരിശോധനയും ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.രണ്ട് വര്‍ഷം മുന്‍പ് ചൈനയിലെ വുഹാനില്‍ കൊവിഡ് ആദ്യമായി കണ്ടെത്തിയപ്പോള്‍ തന്നെ കടുത്ത നിയന്ത്രണങ്ങളും, പരക്കെ പരിശോധനകളും, സമ്ബര്‍ക്കം കണ്ടെത്താനുള്ള ആപ്പ്ളിക്കേഷനുകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ വകഭേദങ്ങള്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ശീതകാല ഒളിംപിക്സിന് മുന്നോടിയായി പല നഗരങ്ങളിലായി ദശലക്ഷത്തോളം ജനങ്ങള്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനാല്‍ ജനങ്ങളില്‍ നിന്ന് വ്യാപക പരാതിയും ഉയരുന്നു. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം പ്രതിസന്ധിയുണ്ടാക്കുന്നു.
ആശുപത്രി ചികിത്സകള്‍ തടഞ്ഞതിനാല്‍ ചില രോഗികള്‍ മരണപ്പെട്ടുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. 79 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.