. കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ അണ്ടര്‍വാട്ടര്‍ ടണല്‍ അക്വേറിയം മേയ് 10 മുതല്‍
കോഴിക്കോട്: കടലിലെ അത്ഭുത കാഴ്ചകള്‍ ഇനി കോഴിക്കോട്ടും.സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ മറൈന്‍ വേള്‍ഡ് ഒരുക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍ അക്വേറിയം മേയ് 10 ന് വൈകീട്ട് അഞ്ചിന് നടി അനുസിതാര ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
കടലാഴങ്ങളില്‍ കറങ്ങിനടന്ന് കടലിലെ അത്ഭുതക്കാഴ്ചകള്‍ കാണുന്ന അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂട്ടമായി സഞ്ചരിക്കുന്ന കൊമ്പന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അലിഗേറ്റര്‍ ഘാര്‍, 80 കിലോ ഭാരംവരുന്ന അരാപൈമാ, രാത്രികാലങ്ങളില്‍ കുട്ടികളെപ്പോലെ കരയുന്ന റെഡ് ടൈല്‍, പാലുപോലെ വെളുത്തനിറമുള്ള ഗാര്‍കടലിലെ മെഗാ സ്റ്റാര്‍ ബ്ലൂറിങ് എഞ്ചല്‍, തൊട്ടാല്‍ ഷോക്കടിക്കുന്ന ഈല്‍, ബഫര്‍ഫിഷ്, മത്സ്യകന്യക മറൈന്‍വേള്‍ഡിലെ കാഴ്ചകള്‍ വിസ്മയമാകും.
കൂടാതെ ഒരുവീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയ എക്സിബിഷനുമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഫര്‍ണിച്ചറുകളുടെയും തുണിത്തരങ്ങളുടെയും വമ്പിച്ച വിലക്കുറവിലുള്ള വിറ്റഴിക്കല്‍മേളയും അമ്യൂസ്മെന്‍റ് റൈഡുകളും ഭക്ഷണശാലകളും എക്സിബിഷന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അഞ്ചുവയസ്സിനുമുകളില്‍ 120 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സാധാരണദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി ഒമ്പതുവരെയും അവധിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെയുമാണ് പ്രദര്‍ശനം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിക്യുഎഫ് ആണ് മുഖ്യസംഘാടകര്‍.
വാര്‍ത്താസമ്മേളനത്തില്‍ ഡിക്യുഎഫ് ചെയര്‍മാന്‍ ഫയാസ് റഹ്മാന്‍, അഡ്വ. ഫാത്തിമ, സുധീര്‍കോയ, സന്തോഷ് തുളസിധരന്‍, സിദ്ദിഖ് കറുകപ്പള്ളി എന്നിവര്‍ പങ്കെടുത്തു.