കടമാന്‍തോട് പദ്ധതിയുടെ ലിഡാര്‍ സര്‍വേ പൂര്‍ത്തിയായി

Top News

പുല്‍പള്ളി :കടമാന്‍തോട് പദ്ധതിയുടെ ലിഡാര്‍ സര്‍വേ പൂര്‍ത്തിയായി. കഴിഞ്ഞമാസം 17നാണ് സര്‍വേ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ എല്ലാ പ്രധാന തോടുകളിലും സര്‍വേ നടത്തി. സര്‍വേയുടെ ഭാഗമായി ആദ്യം ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്‍റുകള്‍ കണ്ടെത്തി ലിഡാര്‍ സര്‍വേയ്ക്കായി അടയാളങ്ങള്‍ സ്ഥാപിച്ചു. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ചു മുഴുവന്‍ സ്ഥലത്തെയും വിവരശേഖരണം നടത്തി. കാവേരി പ്രോജക്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ സംഘമാണ് സര്‍വേ നടത്തിയത്.
കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തുന്നതിനു വിഭാവനം ചെയ്ത കടമാന്‍തോട് ജലസംഭരണപദ്ധതി അണക്കെട്ട് നിര്‍മ്മിച്ചാണ് നടപ്പിലാക്കുക. കന്നാരംപുഴയിലെ വെള്ളം മുഴുവനായി കബനിയിലെത്തുകയാണ്.കന്നാരംപുഴ, മുദ്ദള്ളി തോട്, മന്മഥന്‍മൂല തോട് എന്നിവയിലെ വെള്ളം അണക്കെട്ടില്ലാതെ സംഭരിച്ചു സമീപ പ്രദേശങ്ങളില്‍ ജലസേചനത്തിനെത്തിക്കാമെന്നും സര്‍വേയില്‍ കണ്ടെത്തി. ഇതിന്‍റെ വിശദാംശങ്ങളും സര്‍വേ സംഘം ശേഖരിച്ച് ബന്ധപ്പെട്ടവര്‍ക്കു നല്‍കും. ഇതുവരെ നടത്തിയ സര്‍വേയുടെ വിശദാംശങ്ങള്‍ വകുപ്പുതലത്തില്‍ പരിശോധിക്കുന്നതാണ് അടുത്തഘട്ടം. വിദഗ്ധസംഘം കൃത്യതാ പരിശോധന നടത്തിയ പഠന റിപ്പോര്‍ട്ട് കാവേരി പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കും. അടുത്ത മാസത്തോടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജില്ലാ ഭരണകൂടം സര്‍വകക്ഷിയോഗം വിളിച്ച് ജനകീയ അഭിപ്രായം തേടും. അണക്കെട്ടിന്‍റെ ഉയരം, റിസര്‍വോയറിന്‍റെ വ്യാപ്തി, ഒഴിപ്പിക്കേണ്ട സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *